പന്തീരങ്കാവ് ഗാര്‍ഹിക പീഡനം; പ്രതി രാഹുല്‍ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്കും
കോഴിക്കോട് പന്തീരങ്കാവില്‍ നവവധു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുല്‍ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്കും നീങ്ങുന്നു. രാഹുല്‍ നിലവില്‍ സിംഗപ്പൂരിലേക്ക് കടന്നെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. domestic violence
ഇരയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. കേസില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസിപി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് നടപടികളിലേക്ക് കടന്നത്. രാഹുലും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ മൊഴിയിലുണ്ട്. രാഹുല്‍ രാജ്യം വിട്ട സാഹചര്യത്തില്‍ കടുത്ത നടപടി വേണമെന്നാണ് പൊലീസ് തലപ്പത്ത് നിന്നുള്ള നിര്‍ദേശം.
പൊലീസിന്റെ വീഴ്ചയാണ് രാഹുല്‍ പി ഗോപാല്‍ സിംഗപ്പൂരിലേക്ക് രക്ഷപെടാന്‍ കാരണമായതെന്ന ആക്ഷേപം യുവതിയും കുടുംബവും ഉന്നയിച്ചിരുന്നു. വീഴ്ച കണ്ടെത്തിയതോടെ പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിലാണ് സസ്‌പെന്‍ഷന്‍ നടപടി.
മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.