വാളയാർ പീഡനക്കേസിൽ മാതാപിതാക്കൾ പ്രതികൾ; ബലാത്സംഗ പ്രേരണാകുറ്റം ചുമത്തി സിബിഐ
കൊച്ചി: വാളയാർ പീഡനക്കേസിൽ മാതാപിതാക്കൾ കുറ്റക്കാരെന്ന് സിബിഐ. ഇവർക്കെതിരെ അന്വേഷണസംഘം ബലാത്സംഗ പ്രേരണാകുറ്റം ചുമത്തി. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു.
സിബിഐ തിരുവനന്തപുരം ക്രൈം യൂനിറ്റാണ് കേസിൽ മാതാപിതാക്കളെ പ്രതിചേർത്തത്. പീഡനവിവരം മറച്ചുവച്ചു എന്നതാണ് ഇവർക്കെതിരായ കുറ്റം. പീഡനം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. മാതാപിതാക്കൾക്കെതിരെ പോക്‌സോ, ഐപിസി വകുപ്പുകൾ ചുമത്തി.
2017 ജനുവരി 13നാണ് 13 വയസുകാരിയെയും മാർച്ച് നാലിന് സഹോദരിയായ ഒൻപതു വയസുകാരിയെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന്‍റെ നിഗമനം. സംഭവം വിവാദമായതോടെ നാർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറി. കുട്ടികള്‍ പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പിന്നാലെ ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്ഐയ സസ്പെന്‍ഡ് ചെയ്തു. കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായതും ചർച്ചയായിരുന്നു. പിന്നീട് അദ്ദേഹം കേസ് വേറെ അഭിഭാഷകർക്ക് കൈമാറുകയായിരുന്നു.
2021 ഡിസംബറിലാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് അന്വേഷണം ശരിവച്ച് പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്നായിരുന്നു കുറ്റപത്രം. 13ഉം ഒന്‍പതും വയസ് പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം ശാരീരിക-ലൈംഗിക പീഡനങ്ങളാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ലൈംഗിക പീഡനം പെണ്‍കുട്ടികള്‍ നിരന്തരം നേരിട്ടിരുന്നുവെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.