രക്ഷിതാക്കൾക്ക് പ്രേതഭയം; ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടം പൊളിക്കാനൊരുങ്ങുന്നു
ബാലസോർ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ബഹനഗ ഗവ. നോഡൽ ഹൈസ്കൂളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ വിസമ്മതിക്കുന്നുവെന്ന് റിപ്പോർട്ട്. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന ഭയമാണ് രക്ഷിതാക്കൾക്ക്. അതിനാൽ സ്കൂളിൽ മൃതദേഹങ്ങൾ സൂക്ഷിച്ച കെട്ടിടഭാഗം പൊളിച്ചു നീക്കാനൊരുങ്ങുകയാണ് സ്കൂൾ അധികൃതരും ജില്ലാ ഭരണകൂടവും.
രക്ഷിതാക്കളുടെ ആവശ്യപ്രകാരം സ്കൂൾ കെട്ടിട ഭാഗം പൊളിച്ചു മാറ്റണമെന്ന് സ്കൂൾ അധികൃതർ നൽകിയ നിർദേശം സർക്കാറിലേക്ക് കൈമാറിയിട്ടുണ്ടെന്ന് ബാലസോർ ജില്ലാ കലക്ടർ ദത്താത്രേയ ഭൗസാഹെബ് ഷിൻഡെ പറഞ്ഞു. പഴയ കെട്ടിടം പൊളിച്ച് പുതുതായി പണിയാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, കുട്ടികളിൽ ശാസ്ത്രീയ ബോധം വളർത്തുന്നതിനു പകരം പ്രേതങ്ങളെയും ആത്മാക്കളെയും കുറിച്ച് അന്ധവിശ്വാസം അവരിൽ കുത്തി നിറക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണമെന്ന് കലക്ടർ നാട്ടുകാരോട് ആവശ്യപ്പെട്ടു.
ജൂൺ രണ്ടിനാണ് ബാലസോറിൽ മൂന്ന്ട്രെയിനുകൾ കൂട്ടിയിടിച്ച് 278 ഓളം പേർ മരിച്ചത്. അപകടം നടന്നയുടൻ പരിക്കേറ്റവരയെും അപകടത്തിൽ മരിച്ചവരെയും ആദ്യം പ്രവേശിപ്പിച്ചിരുന്നത് സമീപത്തെ സ്കൂളായ ബഹനഗ നോഡൽ ഹൈസ്കൂളിലാണ്.
സ്കൂളിലെ 16 ക്ലസ്മുറികളിൽ ഏഴെണ്ണമാണ് മൃതദേഹങ്ങൾ സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്നത്. ഇതോടെ സ്കൂൾ ഒരു മോർച്ചറിക്ക് സമാനമായിയെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം രാജാറാം മൊഹപത്ര പറഞ്ഞു.
വേനലവധിക്ക് ശേഷം ജൂൺ 19 ന് സ്കൂൾ തുറക്കാനിരിക്കുകയാണ്. എന്നാൽ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ തയാറല്ല. കൊട്ടിടം പൊളിച്ചു മാറ്റണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. കെട്ടിടം 67 വർഷം പഴക്കമുള്ളതാണ്. ഏതായാലും പൊളിക്കേണ്ടതുമാണ്. -സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം പറഞ്ഞു.
ഞങ്ങൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നില്ല. എന്നാൽ ഇവിടെയുള്ള രക്ഷിതാക്കൾ വിശ്വസിക്കുന്നു. മന്ത്രവാദത്തിലുള്ള വിശ്വാസവും ഇവിടെ വ്യാപകമാണ്. സ്കൂളിനു സമീപത്ത് താമസിക്കുന്നവർ അർധ രാത്രിക്ക് ശേഷം പല ശബ്ദങ്ങളും കേൾക്കുന്നതായി പറയുന്നു. -രാജാറാം കൂട്ടിച്ചേർത്തു.
ആദ്യം പ്രൈമറി സ്കൂളായി 1956 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1958 ലാണ് ഹൈസ്കൂളായി ഉയർത്തിയത്. ഒന്നാം ക്ലസ് മുതൽ 10ാം ക്ലാസ് വരെ 565 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
കെട്ടിടം പൊളിക്കാനുള്ള പ്രമേയം സ്കൂൾ കമ്മിറ്റി പാസാക്കിയിട്ടുണ്ട്. അത് വ്യാഴാഴ്ച വൈകീട്ട് തന്നെ ജില്ലാ അധികൃതർക്ക് അയച്ചു കൊടുത്തുവെന്ന് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി.