പരിവാഹൻ സൈറ്റ് പണിമുടക്കി; സ്പെഷ്യൽ പെർമിറ്റ് ലഭിക്കുന്നില്ല, ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

കൽപറ്റ: പരിവാഹൻ സൈറ്റ് പണിമുടക്കിയതോടെ ദുരിതത്തിലായി വാഹനയുടമകൾ. അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. വിനോദയാത്രയ്ക്കായി പോയ സഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. സ്പെഷ്യൽ പെർമിറ്റ് പരിവാഹൻ സൈറ്റിൽ നിന്ന് ലഭിക്കുന്നില്ലെന്നതാണ് കാരണമായി പറയുന്നത്. ഇന്നലെ വൈകിട്ട് മുതലാണ് സൈറ്റ് തകരാറിലായത്. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

ചെക് പോസ്റ്റുകളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്ക് വിനോദ യാത്രയ്ക്കായി പോകുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് സ്പെഷ്യൽ പെര്‍മിറ്റ് ആവശ്യമാണ്. ഇത് ലഭിക്കാതെ വന്നതോടെയാണ് ബസുകളിൽ എത്തിയവര്‍ ദുരിതത്തിലായത്. സൈറ്റിന്‍റെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനായി പ്രത്യേക സംഘം എത്തി പരിശോധന നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.