സഞ്ജുവിനെ ആർക്ക് വേണ്ടിയും പുറത്തിരുത്തരുത്; വൈഭവിനെ ഓപ്പണിങ്ങിൽ പരീക്ഷിക്കുന്നതിനെതിരെ മുൻ ഇന്ത്യൻ താരം

പുതിയ താരങ്ങൾ കഴിവ് തെളിയിക്കുമ്പോളെല്ലാം മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തിരുത്തുന്ന പ്രവണത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഓപ്പണർ അഞ്ജും ചോപ്ര. സഞ്ജുവിനെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണമെന്നും സ്വന്തം സ്ഥാനത്തെക്കുറിച്ച് നിരന്തരം ചോദ്യമുയരുന്നത് ആരും ഇഷ്ടപ്പെടില്ലെന്നും അവർ പറഞ്ഞു. വൈഭവ് സൂര്യവംശി ഒരു പ്രതിഭയാണെന്നതിൽ ആർക്കും സംശയമില്ലെന്നും എന്നാൽ ആർക്കുവേണ്ടിയും സഞ്ജുവിനെപോലുള്ളവരെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നും അഞ്ജും ചോപ്ര എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
സഞ്ജുവിനെ സ്വാഭാവികമായി കളിക്കാൻ അനുവദിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് അഞ്ജും വ്യക്തമാക്കി.”ഇന്ത്യക്കായി കളിക്കുമ്പോൾ കടുത്ത മത്സരവും സമ്മർദ്ദവുമുണ്ടാകും. അതിനാൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തേണ്ടതുണ്ടെന്ന് എല്ലാ താരങ്ങൾക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ, തന്റെ സ്ഥാനം നിരന്തരം ചോദ്യചിഹ്നമായി നിൽക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. സഞ്ജുവിനെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം. പുതിയൊരു പ്രതിഭ വരുമ്പോഴൊക്കെ ഒരാളെ സ്ഥിരമായി പുറത്തിരുത്തി മറ്റേയാള്ക്ക് അവസരം നല്കുന്നത് ശരിയല്ല. എല്ലാവരും ഇന്ത്യയുടെ കളിക്കാരും മികച്ച താരങ്ങളുമാണ്.”
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ട്വന്റി20 പരമ്പരയിൽ ഓപ്പണിങ്ങിൽ സഞ്ജുവിന് അവസരം നൽകിയതിനാൽ യുവതാരം വൈഭവിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഇതിനെതിരെ പല മുൻതാരങ്ങളും വലിയ വിമർശനങ്ങളാണ് ഉന്നയിച്ചത്. ആദ്യ മത്സരത്തിൽ പത്ത് റൺസിന് പുറത്തായ മലയാളി വിക്കറ്റ് കീപ്പർ അവസാന രണ്ട് ട്വന്റി20യിൽ അർധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. പിന്നാലെയാണ് അഞ്ജും ചോപ്രയുടെ പ്രതികരണം.
ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രതിഭകളാൽ സമ്പന്നമാണെന്നും എന്നാൽ, ഓരോ താരവും പ്രകടനം കാഴ്ചവെക്കാനുള്ള ഇടം അർഹിക്കുന്നുണ്ടെന്നും അഞ്ജും കൂട്ടിച്ചേർത്തു. ഒരു യുവതാരം ടീമിലെത്തി എന്നതുകൊണ്ട് മാത്രം നിലവിലെ കളിക്കാർക്ക് പെട്ടെന്ന് സ്ഥാനം നഷ്ടമാവുന്നത് ശരിയല്ല. വൈഭവ് ഒരു പ്രതിഭയാണ്. അവൻ ഇതിനകം തന്നെ ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. തുടർന്നും അവൻ പരിഗണിക്കപ്പെടുമെന്നുറപ്പാണ്. എന്നാൽ സഞ്ജു സാംസൺ, അഭിഷേക് ശർമ, റുതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ് തുടങ്ങിയവരും കഠിനാധ്വാനം ചെയ്താണ് അവസരങ്ങൾ നേടിയെടുത്തത് എന്നത് നാം ഓർക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
