‘പട്ടി പ്രയോഗം ലീഗിനെയും ഇ.ടിയെയും ഉദ്ദേശിച്ചല്ല’; അനുനയനീക്കവുമായി കെ. സുധാകരൻ
തിരുവനന്തപുരം: മുസ്‍ലിം ലീഗിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ കെ. സുധാകരന്‍ നടത്തിയ പട്ടി പരാമര്‍ശം വിവാദമായതോടെ അനുനയ നീക്കവുമായി കോണ്‍ഗ്രസ്. തന്‍റെ പരാമര്‍ശം ലീഗിനെയും ഇ.ടി മുഹമ്മദ് ബഷീറിനെയും ഉദ്ദേശിച്ചല്ലെന്ന് സുധാകരന്‍ ലീഗ് നേതൃത്വത്തെ അറിയിച്ചു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പലതവണ പറഞ്ഞതാണെന്ന് രാവിലെ സുധാകരന് പി.എം.എ സലാം മറുപടി നല്‍കിയിരുന്നു. അതേസമയം, ഫലസ്തീന്‍ ഐകൃദാര്‍ഢ്യ പരിപാടിയിലേക്കുള്ള സി.പി.എം ക്ഷണം ലീഗ് സ്വീകരിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
സി.പി.എം ഫലസ്തീൻ റാലിയിൽ പങ്കെടുക്കുമെന്ന ഇ.ടിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയായിരുന്നു സുധാകരന്റെ അധിക്ഷേപകരമായ പരാമർശം. അടുത്ത ജന്മത്തിൽ പട്ടിയാകണമെന്നു കരുതി ഇപ്പോൾ തന്നെ കുരക്കേണ്ടതില്ലെന്നായിരുന്നു വിവാദ പരാമർശം. വാക്കുകള്‍ വിവാദമാകാന്‍ അധികസമയം വേണ്ടി വന്നില്ല. അതിനെ അങ്ങനെ അവഗണിച്ചുവിടാന്‍ ലീഗും തയാറായില്ല. സുധാകരൻ എന്ത് ഉദ്ദേശ്യത്തിലാണ് ഇതു പറഞ്ഞതെന്ന് അറിയില്ലെന്ന് പി.എം.എ സലാം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.
സുധാകരൻ മാത്രമല്ല, ആരായാലും ഒരു മനുഷ്യനാണെങ്കിൽ ഉപയോഗിക്കേണ്ട വാക്കുകളുണ്ട്. പ്രത്യേകിച്ച് ഉന്നതസ്ഥാനത്തിരിക്കുന്നവർ വാക്കുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഇതു പലതവണ ഞങ്ങൾ പറഞ്ഞതാണ്. എന്തു സാഹചര്യത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾ പരിശോധിക്കേണ്ടതാണെന്നും പി.എം.എ സലാം വ്യക്തമാക്കി.
വിഷയം ലീഗ് ഗൗരവമായി എടുക്കുന്നുവെന്ന് കണ്ടതോടെ കെ. സുധാകരന്‍ തന്നെ നേതാക്കളെ ബന്ധപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടിയെ ഫോണില്‍ വിളിച്ച് പട്ടി പ്രയോഗം നടത്തിയത് ലീഗിനെയോ ഇ.ടി മുഹമ്മദ് ബഷീറിനെയോ ഉദ്ദേശിച്ചല്ലെന്ന് അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് തീരുമാനിക്കാത്ത കാര്യത്തിന് മുന്‍കൂട്ടി മറുപടി നല്‍കേണ്ടതില്ലെന്നാണ് ഉദ്ദേശിച്ചത്. തന്നെ പരാമര്‍ശിച്ചാണ് ഉപമയെന്നും അറിയിച്ചു.