‘കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാൻ കഴിയുമായിരുന്നില്ല; CAG റിപ്പോർട്ട് അന്തിമമല്ല’; മുഖ്യമന്ത്രി

‘People could not have been pushed to death by delay; CAG report is not final’; Chief Minister

പിപിഇ കിറ്റ് ഉയർന്ന വിലക്ക് വാങ്ങിയ നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തിര സാഹചര്യത്തിലുള്ള രക്ഷാ ഉപകരണങ്ങൾ അടിയന്തിരമായി വാങ്ങേണ്ടതുണ്ടായിരുന്നു. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാൻ കഴിയുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

പിപിഇ കിറ്റ് അടക്കം കിട്ടാത്ത അവസ്ഥ ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരായിരുന്നുവെന്നും എത്ര കാലം കൊവിഡ് നിൽക്കുമെന്ന് പറയാൻ കഴിയാത്ത കാലത്ത് പർച്ചേസ് മാനദണ്ഡം പാലിച്ച് നടപടി എടുത്താൽ മതിയായിരുന്നോ എന്നാണോ നിങ്ങൾ പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അന്ന് അടിയന്തിരമായി സാധനങ്ങൾ വാങ്ങാനാണ് തീരുമാനമെടുത്തത്. അതിൽ ഒരു അസ്വാഭാവികതയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് പലതിനും പല വിലയായിരുന്നു. ആ സാഹചര്യത്തിൽ പലതും നമ്മൾ നിർബന്ധിതരായി. ചിലതിന് വില കൂടി. ചീഫ് സെക്രട്ടറിയുടെ സമിതിയാണ് കാര്യങ്ങൾ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസമുണ്ട്. കണക്കുകൾ കൂട്ടി വച്ച് വിലയിരുത്തിയാൽ ശരിയാകില്ല. സിഎജി അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിഎജി റിപ്പോർട്ട് അന്തിമമല്ലെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് നൽകിയ കമ്പനി പകുതി എണ്ണം മാത്രമേ നൽകിയുള്ളൂ. അതേ വിലയ്ക്ക് ബാക്കി നൽകാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് അവരുമായുള്ള പർച്ചേസ് ഉത്തരവ് റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി പി ഇ കിറ്റ് അഴിമതി ആരോപണത്തിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *