വഖഫ് വിഷയത്തിൽ രാഷ്ട്രീയം പറയുന്നത് ജനം എതിർത്തു; ക്ഷേത്ര ഉദ്‍ഘാടനത്തിനെത്തിയ ബിജെപി എംഎൽഎ ഇറങ്ങിപ്പോയി

People objected to politics on the Waqf issue; The BJP MLA who came for the inauguration of the temple left

ബെംഗളൂരു: കർണാടകയിൽ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനെത്തിയ ബിജെപി എംഎൽഎ വഖഫ് ഭൂമി വിഷയത്തിൽ രാഷ്ട്രീയം പറയുന്നത് ചോദ്യം ചെയ്ത് നാട്ടുകാർ. ഒടുവിൽ എംഎൽഎ പ്രസംഗം നിർത്തി വേദിയിൽനിന്ന് ഇറങ്ങിപ്പോയി. ബിജാപൂർ സിറ്റി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാലാണ് നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞത്.

ബാഗൽകോട്ട് ജില്ലയിൽ കഴിഞ്ഞദിവസമാണ് സംഭവം. സംസ്ഥാനത്ത് നടക്കുന്ന വഖഫ് ഭൂമി വിഷയത്തിൽ മുൻനിരയിലുള്ള നേതാവ് കൂടിയാണ് യത്നാൽ. ഇതിനിടയിലാണ് ഇദ്ദേഹം തെർദാലിലെ ശ്രീ അല്ലം പ്രഭു ക്ഷേത്ര ഉദ്ഘാടനത്തിനായി വരുന്നത്.

തുടർന്ന് ​പ്രസംഗത്തിനിടെ വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് പറയാൻ തുടങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഭൂമി ഭീഷണിപ്പെടുത്തി പിടിച്ചെടുക്കുകയാണെന്ന് ആരോപിച്ചു. ഇതോടെ സദസ്സിലുള്ളവർ എണീറ്റുനിന്ന് യത്നാലിനെ എതിർത്തു. ഇവിടേക്ക് രാഷ്ട്രീയം കൊണ്ടുവരരുതെന്ന് അവർ ഉച്ചത്തിൽ പറഞ്ഞു.

‘ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ തീരുമാനം നീട്ടിക്കൊണ്ട് പോകുന്നു’, മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാരിനെതിരെ ലത്തീൻ സഭ

വഖഫ് വിഷയം പറയുന്നത് രാഷ്ട്രീയമാണോയെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. അതെ എന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി. ഈ വിഷയം സംസാരിക്കരുതെന്നും അവർ പറഞ്ഞു. ഇതോടെ എംഎൽഎ വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

ക്ഷേത്രം നിർമാണത്തിന് ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നടക്കം സംഭാവന ലഭിച്ചിട്ടുണ്ട്. ഇതും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *