‘ട്രംപിന്റെ ചതിക്ക് ജനം നല്‍കിയ മറുപടി’; വിജയത്തിന് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

response

ഒട്ടാവ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചതിക്ക് ജനം നല്‍കിയ മറുപടിയാണ് കാനഡയിലെ വിജയമെന്ന് പ്രധാനമന്ത്രി മാര്‍ക് കാര്‍ണി. പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ലിബറൽ പാർട്ടി തുടർച്ചയായ നാലാം തവണയാണ് അധികാരത്തിലെത്തുന്നത്. മാര്‍ക് കാര്‍ണി തന്നെ പ്രധാനമന്ത്രിയായി തുടരും.response

ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു മാര്‍ക് കാര്‍ണിയുടെ പ്രതികരണം. ട്രംപിന്, കാനഡയെ കീഴടക്കാൻ കഴിയില്ല എന്നതിന്റെ പ്രഖ്യാപനമാണ് ഈ ഫലമെന്നും മാർക് കാർണി വിജയാഹ്ലാദ ചടങ്ങിൽ വ്യക്തമാക്കി. ‘ആക്രമണാത്മക വ്യാപാര, അധിനിവേശ ഭീഷണികളിലൂടെ കാനഡയെ തകർക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. നമ്മളെ പിടിച്ചെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. അത് ഒരിക്കലും സംഭവിക്കില്ല’-കാര്‍ണി കൂട്ടിച്ചേര്‍ത്തു.

യുഎസിന്റെ 51-ാം സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ ഭീഷണിയുടെയും തീരുവയുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടന്നത്. ട്രംപിന്റെ ഭീഷണികള്‍ നേരിടുന്നതിന് ശക്തമായ ജനപിന്തുണ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മാര്‍ക് കാര്‍ണി തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത്. മൂന്നുമാസം മുമ്പുവരെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്നും കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലേറുമെന്നുമായിരുന്നു പ്രവചനങ്ങള്‍.

ഒക്ടോബറിലാണ് യഥാർഥത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. പക്ഷേ ട്രംപിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യം വോട്ടാക്കി മാറ്റാൻ മാർക് കാർണി ശ്രമിച്ചു. ആ തന്ത്രം ഫലം കാണുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെയാണ് ആ സ്ഥാനത്തേക്ക് മുന്‍ കേന്ദ്രബാങ്ക് ഗവര്‍ണറായ കാര്‍ണിയെത്തിയത്. അതേസമയം 343 സീറ്റുകളില്‍ 167 സീറ്റുകളില്‍ ജയം നേടിയാണ് ലിബറല്‍ പാര്‍ട്ടി ഭരണം ഉറപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *