‘കോഹ്‌ലി വന്നാൽ ആളുകൂടും, സുരക്ഷ വെല്ലുവിളിയാകും’: ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരത്തിന് അനുമതി നിഷേധിച്ച് പൊലീസ്

ബംഗളൂരു: ഗുരുതര സുരക്ഷാപ്രശ്നവും ജനക്കൂട്ട നിയന്ത്രണ വെല്ലുവിളിയും ചൂണ്ടിക്കാട്ടി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹിയും ആന്ധ്രപ്രദേശും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി മത്സരത്തിന് കർണാടക പൊലീസ് അനുമതി നിഷേധിച്ചു. സൂപ്പർ താരം വിരാട് കോഹ്‌ലിയെ കാണാൻ വൻ ജനാവലിയെത്തുമെന്ന കണക്കുകൂട്ടലിലാണ് അനുമതി നിഷേധിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനിരുന്ന മത്സരങ്ങളെല്ലാം ബി.സി.സി.ഐയുടെ സെന്‍റർ ഓഫ് എക്സലൻസിലേക്ക് മാറ്റി. ഇവിടെ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക.
“ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം സുരക്ഷാസമിതി തിങ്കളാഴ്ച സ്റ്റേഡിയം സന്ദർശിച്ചിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്റ്റേഡിയം പരിശോധിച്ചു. ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരം ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് അനുമതി നൽകിയിട്ടില്ല. കമ്മിറ്റി വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്” -ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരെ അറിയിച്ചു.
സമഗ്ര പരിശോധനയിൽ വേദിയിലെ അടിസ്ഥാന സൗകര്യങ്ങളിലും അടിയന്തര തയാറെടുപ്പുകളിലും പോരായ്മ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് കമീഷണർ വ്യക്തമാക്കി. നിർബന്ധിത സുരക്ഷാ നടപടികൾ വിശദീകരിക്കുന്ന 17 ഇന നിർദേശങ്ങൾ പൊലീസ് പുറപ്പെടുവിച്ചിരുന്നു. ഇവ പാലിച്ചിട്ടുണ്ടോ എന്ന് കമ്മിറ്റി പരിശോധിക്കുകയും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ കഴിയാത്ത വിധം സ്റ്റേഡിയം ഗേറ്റുകൾ വളരെ ഇടുങ്ങിയതാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വിരാട് കോഹ്‌ലി മത്സരത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വൻതോതിൽ ആരാധകരെത്തുമെന്നാണ് കണക്കാക്കുന്നത്.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) പ്രസിഡന്റ് വെങ്കിടേഷ് പ്രസാദ് സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പൊലീസ് നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. വിജയ് ഹസാരെ ട്രോഫി മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ചിന്നസ്വാമി സ്റ്റേഡിയം അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സമിതി രൂപീകരിച്ചതായി ജി. പരമേശ്വര തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ജൂൺ നാലിന് റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (ആർ.സി.ബി) ഐ.പി.എൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലുംതിരക്കിലും 11 പേർ മരിച്ചിരുന്നു.
