ടി.പി കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ നൽകി പിണറായി സർക്കാർ; നിയമപരമായി നേരിടുമെന്ന് കെ.കെ.രമ
തിരുവനന്തപുരം: ടി.പി കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ നൽകി പിണറായി സർക്കാർ. മൂന്ന് പ്രതികൾക്ക് ആയിരത്തിലധികം ദിവസം പരോൾ നൽകി. തിരുവഞ്ചൂർ രാധാകൃഷന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ഒന്നാം പിണറയി സർക്കാരിന്റെ കാലം മുതൽ ഇതുവരെയുള്ള കണക്കാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയത്. കെ.സി രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സിജിത് എന്നിവർക്കാണ് ആയിരത്തിലധികം ദിവസം പരോൾ ലഭിച്ചത്. ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ ലഭിച്ചു. കൊടിസുനിക്ക് കിട്ടിയത് 60 ദിവസം. അതോടെപ്പം, കേസിലെ ചില പ്രതികൾക്ക് ശിക്ഷ ഇളവ് നൽകി മോചിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം അടുത്തിടെ പുറത്ത് വന്നിരുന്നു.
അതേസമയം, പരോൾ അനുവദിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.കെ.രമ എംഎൽഎ. പ്രതികൾക്ക് സിപിഎമ്മും സർക്കാരും വഴിവിട്ട സഹായം ചെയ്യുന്നു. പ്രതികൾ ജയിലിൽ കഴിഞ്ഞതിനെക്കാൾ കാലം പുറത്തുകഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് താൻ ചോദിച്ച ചോദ്യങ്ങൾക്ക് ഇതുവരെ സർക്കാർ മറുപടി നൽകിയിട്ടില്ലെന്നും കെ.കെ.രമ മീഡിയവണിനോട് പറഞ്ഞു.