‘പണത്തിന് മുന്നിൽ കളിക്കാരുടെ ശബ്ദം ഇല്ലാതാകുന്നു’; ഫിഫക്കും യുവേഫക്കുമെതിരെ ഡി ബ്രുയിനെ

De Bruyne

ലണ്ടൻ: ഫിഫയുടേയും യുവേഫയുടേയും മത്സര ഷെഡ്യൂളിനെതിരെ രൂക്ഷ പ്രതികരണവുമായി ബെൽജിയം ക്യാപ്റ്റനും മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരവുമായ കെവിൻ ഡി ബ്രുയിനെ. മതിയായ വിശ്രമം അനുവദിക്കാതെ തിരിക്കിട്ട മത്സര കലണ്ടർ കളിക്കാരുടെ പ്രകടനത്തേയും ഫിറ്റ്‌നസിനേയും ബാധിക്കുന്നതായി താരം പറഞ്ഞു. ‘ക്ലബ് വേൾഡ് കപ്പ് ഫൈനലിനും ആദ്യ പ്രീമിയർ ലീഗ് മത്സരത്തിനും ഇടയിൽ മൂന്നാഴ്ച മാത്രമേയുള്ളൂ. 80 മത്സരങ്ങൾക്കായി തയ്യാറെടുക്കാൻ മൂന്ന് ആഴ്ച മാത്രം വിശ്രമം. ഇംഗ്ലണ്ടിലെ പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷനും മറ്റ് രാജ്യങ്ങളിലെ കളിക്കാരുടെ സംഘടനകളും പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ യുവേഫയും ഫിഫയും മത്സരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതേകുറിച്ച് ആശങ്കകൾ ഉന്നയിക്കുന്നുണ്ടെങ്കിലും പരിഹാരമാകുന്നില്ല. പണം കളിക്കാരേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു’- ഇസ്രായേലിനെതിരായ യുവേഫ നാഷൺസ് ലീഗ് മത്സരത്തിന് ശേഷം ബെൽജിയം താരം പറഞ്ഞു.De Bruyne

മൂന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളും ഈ സീസൺ മുതൽ 36 ടീമുകളായി വിപുലപ്പെടുത്തി. അടുത്ത ജൂണിൽ യു.എസിൽ വിപുലീകരിച്ച ക്ലബ് ലോകകപ്പ് നടക്കുന്നു. ക്ലബ് ലോകകപ്പ് ഫൈനലിനും അടുത്ത സീസൺ പ്രീമിയർലീഗിനും ഇടയിൽ മൂന്നാഴ്ച മാത്രമാണ് വിശ്രമസമയമുള്ളത്-താരം പറഞ്ഞു

കഴിഞ്ഞ ജൂലൈയിൽ കളിക്കാരുടെ സംഘടന ഫിഫയുടെ അന്താരാഷ്ട്ര മത്സര കലണ്ടറുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ ആന്റി ട്രസ്റ്റ് റെഗുലേറ്റർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമൊന്നുമുണ്ടായില്ല. നേരത്തെയും പലതാരങ്ങളും അന്താരാഷ്ട്ര കലണ്ടറിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *