പിഎം ശ്രീ: സിപിഎമ്മും സിപിഐയും സമവായത്തിലേക്ക്

 

PM Shri: CPM and CPI towards consensus

തിരുവനന്തപുരം:കേന്ദ്രസര്‍ക്കാറിന്‍റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ തുടർന്ന് സിപിഐയും സിപിഎമ്മും തമ്മിലുണ്ടായ തർക്കം തീരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും.

മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും സമിതി വിഷയം പഠിക്കുകയും ചെയ്യും. മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കാൻ തീരുമാനിച്ചു. അതുവരെ കരാർ മരവിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടും തുടങ്ങിയ വ്യവസ്ഥകളാണ് ഒത്തുതീര്‍പ്പിലുള്ളത്. ഇരുപാർട്ടികളുടെയും ദേശീയ നേതൃത്വം മുന്നോട്ടവെച്ച സമവായ നിർദേശം അംഗീകരിച്ചാണ് തീരുമാനം. ഉച്ചയ്ക്ക് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തീരുമാനം പ്രഖ്യാപിക്കും.

സിപിഐയുടെ സമ്പൂർണ്ണ അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഒരുമണിക്ക് ചേരുന്നുണ്ട്.നേതാക്കൾക്ക് ഓൺലൈനായി പങ്കെടുക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

ഏറെനാളായി എല്‍ഡിഎഫിനെ പിടിച്ചുലച്ച പ്രതിസന്ധിക്കാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. സിപിഐയുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാണെന്ന് സിപിഎം അറിയിച്ചുകഴിഞ്ഞു പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായ ഭിന്നതയില്‍ സർക്കാർ അസാധാരണ പ്രതിസന്ധിയിലായിരുന്നു കഴിഞ്ഞകുറച്ച് നാളുകളായി.2017 ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്ന ശേഷം സിപിഐ മുന്നണിയില്‍ കടുത്ത നിലപാടെടുക്കുന്നത് ഇതാദ്യമായാണ് .

തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കേ സിപിഐയുടെ തീരുമാനം മുന്നണിയെ ഉലച്ചിരുന്നു. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇതോടെയാണ് മന്ത്രിസഭാ യോഗത്തിന് മുമ്പ് സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമായത്. കണ്ണൂരിലായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പരിപാടികൾ റദ്ദാക്കി പുലർച്ചെ തിരുവനന്തപുരത്ത് തിരിച്ചെത്തുകയും ചെയ്തു. അനുനയത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ടിറങ്ങുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *