താമരശ്ശേരിയിൽ ഒമ്പതുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Postmortem report says cause of death of nine-year-old girl in Thamarassery was not amoebic encephalitis

കോഴിക്കോട് താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.  മകളുടെ മരണകാരണം അറിയണമെന്നാവശ്യപ്പെട്ടായിരുന്നു പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചത്.

 

ഓഗസ്റ്റ് 14 നാണ് ഒമ്പത് വയസുകാരി അനയ മരിച്ചത്. പനിയെ തുടർന്ന് രാവിലെ പത്തേ കാലിന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച അനയയെ ആരോഗ്യ നില മോശമായിട്ടും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന ഗുരുതര ആരോപണമായിരുന്നു മരണത്തിനു പിന്നാലെ കുടുംബം ഉന്നയിച്ചത്. അനയയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അമീബിക് മസ്തിഷ്ക ജ്വര നിഗമനത്തോടെയാണ് തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്.കുട്ടി കുളിച്ച അമീബയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.

എന്നാൽ പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയാണ് മരണകാരണം. ചികിത്സാ പിഴവ് ആരോപിച്ച് കഴിഞ്ഞ ആഴ്ചയാണ് കുട്ടിയുടെ പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിൽ നിന്ന് മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ല എന്ന് ഡോക്ടർമാർ അറിയിച്ചതായി കുട്ടിയുടെ മാതാവും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടിയുടെ മരണകാരണം എന്തെന്ന് അറിയണമെന്നാവശ്യപ്പെട്ട് ചികിത്സ പിഴവ് ആരോപിച്ച് പിതാവ് ഡോക്ടറെ ആക്രമിച്ചത് . നിലവിൽ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് സനൂപ് ഉള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ കൂടുതൽ നിയമനടപടിയെ കുറിച്ച് ആലോചിക്കുകയാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *