പഞ്ചാരക്കൊല്ലിയിലെ കടുവയുടെ സാന്നിധ്യം: നിരോധനാജ്ഞ പ്രഖ്യാപിച്ചു

tiger

കൽപ്പറ്റ: മാനന്തവാടി നഗരസഭാ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ നരഭോജിയായ കടുവയെ പിടികൂടാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനം കൂട്ടം കൂടുന്നതും അനാവശ്യ യാത്രകളും ഒഴിവാക്കണം. കടുവയെ പിടികൂടാനായി വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിച്ചിട്ടുണ്ട്.tiger

തുടർനടപടി സ്വീകരിച്ച് വനംവകുപ്പ്

പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് താഴെ പറയുന്ന തുടര്‍നടപടികള്‍ സ്വീകരിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

1. തലപ്പുഴ, വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ നിലവില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ച് പഞ്ചാരക്കൊല്ലി പ്രദേശത്ത് പരിശോധന നടത്തുന്നു.

2. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മൃഗഡോക്ടര്‍മാരുടെ സംഘത്തെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്.

3. ചെതലത്ത് റേഞ്ചിന്റെ കീഴിലുള്ള ഇരുളം ഫോറസ്റ്റ് സ്റ്റേഷന്റെയും പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെയും കീഴിലുള്ള ജീവനക്കാരെയും പ്രദേശത്ത് പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

4. പഞ്ചാരക്കൊല്ലിയില്‍ ഒരുക്കിയ ബേസ് ക്യാമ്പില്‍ സുല്‍ത്താന്‍ ബത്തേരി ആര്‍ആര്‍ടി അംഗങ്ങളെ കൂടി നിയോഗിച്ചിട്ടുണ്ട്.

5. തെര്‍മല്‍ ഡ്രോണുകളും സാധാരണ ഡ്രോണുകളും തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാനായി കൊണ്ടുവരുന്നു.

6. നോര്‍ത്ത് വയനാട് ഡിവിഷനില്‍ നിന്നുള്ള ക്യാമറ ട്രാപ്പുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞവ കൂടാതെ, സൗത്ത് വയനാട് ഡിവിഷനില്‍ നിന്നുള്ള ക്യാമറ ട്രാപ്പുകളും പ്രദേശത്ത് വിന്യസിക്കുന്നതിനായി കൊണ്ടുവരുന്നു.

7. നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ ഐഎഫ്എസിനെ ഓപ്പറേഷന്‍ കമാന്‍ഡറായി ഇന്‍സിഡന്റ് കമാന്‍ഡ് രൂപീകരിച്ചു. നോര്‍ത്തേണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ.എസ് ദീപ ഐഎഫ്എസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിക്കുകയും ചെയ്തുവരുന്നു.

8. പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവയെ പിടികൂടുന്നതിനുള്ള കൂടുകള്‍ സ്ഥാപിച്ചു.

9. ഓപ്പറേഷന്‍ സുഗമമായി നടത്താൻ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ വയനാട് ജില്ലാ കലക്ടറോട് അഭ്യർഥിച്ചിട്ടുണ്ട്.

10. മുത്തങ്ങ ആന ക്യാമ്പില്‍ നിന്നുള്ള കുങ്കിയാനകളെ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കും.

Leave a Reply

Your email address will not be published. Required fields are marked *