പ്രധാനമന്ത്രിയുടെ സന്ദർശനം; വയനാട്ടിൽ നാളെ തിരച്ചിലില്ല
വയനാട്: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുണ്ടക്കൈ, ചൂരൽമല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ നാളെ തിരച്ചില്‍ ഉണ്ടാകില്ലെന്ന് വയനാട് ജില്ലാ കലക്ടര്‍ ഡി.ആര്.മേഘശ്രീ. ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടാകില്ല. ഞായറാഴ്ച ജനകീയ തിരച്ചില്‍ പുനരാരംഭിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.Prime Minister
ഉരുൾപൊട്ടൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വയനാട്ടിലെത്തും. 12 മണിയോടെ വയനാട്ടിൽ എത്തുന്ന പ്രധാനമന്ത്രി മൂന്നു മണിക്കൂറോളം മേഖലയിൽ തുടരും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യംസംസ്ഥാനം വീണ്ടും ശക്തമാക്കി. പ്രത്യേക കേന്ദ്രസംഘം വയനാട്ടിൽ സന്ദർശനം നടത്തി.
കണ്ണൂരിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഇവിടെനിന്ന് ഹെലികോപ്റ്റർമാർഗ്ഗമാകും വയനാട്ടിലെത്തുക. കൽപ്പറ്റ സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങും. തുടർന്ന് റോഡ് മാർഗം ചൂരൽ മലയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.