സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം; ഇന്ന് മാത്രം 15 എംപിമാർക്ക് സസ്‌പെൻഷൻ
ന്യൂഡൽഹി: സുരക്ഷാ വീഴ്ചയെ തുടർന്ന് പാർലമെന്റിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്ന് മാത്രം 15 എംപിമാർക്ക് സസ്‌പെൻഷൻ ഇന്ന് മാത്രം സസ്‌പെൻഡ് ചെയ്തത് 15 എംപിമാരെ. കേരളത്തിൽ നിന്നുള്ള 6 എംപിമാരെയടക്കമാണ് സസ്‌പെൻഡ് ചെയ്തത്.
രമ്യ ഹരിദാസ്, ഹൈബി ഈഡൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠൻ, ബെന്നി ബെഹ്നാൻ, കനിമൊഴി, മാണിക്കം ടാഗോർ, ജ്യോതിമണി, ഡെറിക് ഒബ്രിയാൻ, മുഹമ്മദ് ജാവേദ്, പി.ആർ നടരാജൻ, കെ.സുബ്രഹ്മണ്യം, എം.ആർ പാർഥിബൻ, എസ് വെങ്കിടേശ്വരൻ എന്നിവർക്കാണ് സമ്മേളന കാലയളവ് തീരുന്നത് വരെ സസ്‌പെൻഷൻ.
പ്രധാനമന്ത്രി സഭയിൽ വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. ബഹളത്തിനിടെ തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാനെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു. അന്തസ്സിന് ചേരാത്ത വിധം പ്രവർത്തിച്ചു എന്നതാണ് അംഗങ്ങൾക്കെതിരായ കുറ്റം. സഭാനടപടികൾ തടസ്സപ്പെടുത്തിയതിനാണ് സസ്‌പെൻഷൻ.
എംപിമാരുടെ പ്രതിഷേധം അതിരുവിടുന്നു എന്നതായിരുന്നു സ്പീക്കറുടെയും കേന്ദ്രസർക്കാരിന്റെയും ആരോപണം. ഈ നിലപാടാണിപ്പോൾ എംപിമാരുടെ സസ്‌പെൻഷനിലേക്ക് നയിച്ചിരിക്കുന്നത്. രണ്ട് തവണയായി പ്രമേയം അവതരിപ്പിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തിൽ അഞ്ച് എംപിമാരെയും പിന്നാലെ ഒമ്പത് പേരെയും സസ്‌പെൻഡ് ചെയ്തത്.
സുരക്ഷാ വീഴ്ചയെ ചൊല്ലി വലിയ പ്രതിഷേധമാണ് പാർലമെന്റിൽ ഇരു സഭകളിലും ഉണ്ടായത്. പുറത്താക്കപ്പെട്ട എംമാരിൽ 14 പേരും ലോക്‌സഭാ എംപിമാരാണ്. രാജ്യസഭയിലും സമാന രീതിയിൽ പ്രതിഷേധമുണ്ടായെങ്കിലും ഡെറിക് ഒബ്രെയ്‌നെതിരെ മാത്രമാണ് നടപടിയുണ്ടായത്. പുറത്താക്കിയെങ്കിലും എംപി പുറത്തു പോകാതിരുന്നതിനെ തുടർന്ന് സഭ രണ്ടു തവണ നിർത്തിവച്ചു.
അതേസമയം, പാർലമെന്റിൽ അതിക്രമിച്ച് കടന്ന പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.പ്രതികൾ പരിചയപ്പെട്ടത് ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിംഗ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെയാണെന്നാണ് സൂചന. കേന്ദ്രസർക്കാർ നയങ്ങളോടുള്ള എതിർപ്പാണ് പ്രതിഷേധത്തിന് കാരണമെന്ന് പിടിയിലായവർ പോലീസിന് മൊഴി നൽകി.
ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിംഗ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട പ്രതികൾ പാർലമെന്റിൽ കടന്നു കയറാനുള്ള പദ്ധതികൾ ജനുവരി മാസം മുതലാണ് ആരംഭിച്ചത്. .കാർഷിക നിയമങ്ങൾ , മണിപ്പൂർ കലാപം , തൊഴിലില്ലായ്മ , വിലക്കയറ്റം എന്നീ വിഷയങ്ങളിൽ സർക്കാരിനോടുള്ള കടുത്ത എതിർപ്പാണെന്ന് പ്രതിഷേധത്തിന് കാരണം എന്ന് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി. ബിജെപി എം പി യായ പ്രതാപ് സിൻഹയുടെ സ്റ്റാഫ് വഴിയാണ് പ്രതികൾക്കു പാസുകൾ ലഭിച്ചത്.പ്രതിയായ മനോരഞ്ജൻ മൺസൂൺ സമ്മേളനത്തിനിടെ പാർലമെൻറിൽ സന്ദർശകനായി എത്തി സുരക്ഷാക്രമീകരണങ്ങൾ നിരീക്ഷിച്ചിരുന്നു.
ഡിസംബർ ആറിനും 10നും ഇടയ്ക്ക് വ്യത്യസ്ത ട്രെയിനുകളിലാണ് പ്രതികൾ ഡൽഹിയിൽ എത്തിയത്. വിശാൽ ശർമയാണ് മറ്റ് പ്രതികൾക്ക് ഗുരുഗ്രാമിൽ താമസ സൗകര്യം ഒരുക്കിയത്. മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശിയായ അമോൽ ഷിൻഡെയാണെന്ന് സ്മോക്ക് സ്‌പ്രേ കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട് .സംഘത്തിലെ സൂത്രധാരൻ എന്ന് കരുതുന്ന ലളിത് ഝായ്ക്കായി ഡൽഹി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. സംഭവത്തെ തുടർന്ന് പാർലമെന്റിൽ സന്ദർശകരെ തൽക്കാലം പ്രവേശിപ്പിക്കേണ്ടൈന്നാണ് സുരക്ഷാവിഭാഗത്തിന്റെ തീരുമാനം