പരീക്ഷാക്രമക്കേട്: പി.എസ്.സി ചെയർമാൻ ഇന്ന് എസ്.ഐ.ടി മുമ്പാകെ ഹാജരായേക്കും

തിരുവനന്തപുരം: പരീക്ഷാക്രമക്കേട് അന്വേഷണത്തിന്‍റെ ഭാഗമായി പി.എസ്‌.സി ചെയർമാൻ എം.ആർ. ബൈജു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നിൽ ചൊവ്വാഴ്ച ഹാജരായേക്കും. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിർബന്ധമായി ഹാജരാകാൻ എസ്.ഐ.ടി വീണ്ടും നോട്ടീസ് നൽകിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹം വീണ്ടും ഹാജരാകുമെന്ന സൂചന.

കഴിഞ്ഞയാഴ്ച ഹാജരാകാൻ ബൈജുവിന് എസ്.ഐ.ടി നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. അതിന് പിന്നാലെയാണ്, ഹാജരായേപറ്റൂവെന്ന് കാണിച്ച് വീണ്ടും നോട്ടീസ് നൽകിയത്. പി.എസ്.സി സെക്രട്ടറി, പരീക്ഷാ കൺട്രോളർ, അംഗങ്ങൾ എന്നിവരുടെയും പരീക്ഷാ ക്രമക്കേട് കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരുടെയും മൊഴികളിൽ വ്യക്തത വരുത്താനാണ് ചെയർമാനെ ചോദ്യം ചെയ്യുന്നത്. ചെയർമാനെതിരായ മൊഴികളും പരാതികളുമാണ് ഏറെയും എസ്.ഐ.ടിക്ക് മുന്നിലുള്ളത്.

ക്രമക്കേടുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് ചെയർമാനെ ആറുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തനിക്ക് ഒരു പങ്കുമില്ലെന്നും സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കാണ് പരീക്ഷാ നടത്തിപ്പ് ഉത്തരവാദിത്തമെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ, ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീ. സെക്രട്ടറി ആർ. ഹരി എന്നിവരെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിനും സെക്രട്ടറി, അംഗങ്ങൾ എന്നിവരുടെ മൊഴികളിലും പി.എസ്.സിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ചെയർമാന്‍റെ അനാവശ്യ ഇടപെടലുകൾ നടക്കുന്നതായി മൊഴിയുണ്ടായിരുന്നു. എസ്.ഐ.ടിക്ക് ലഭിച്ച 180ഓളം പരീക്ഷകൾ സംബന്ധിച്ച പരാതികളിലും ചെയർമാനെതിരെയാണ് ആരോപണങ്ങൾ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് എം.ആർ. ബൈജുവിന് നോട്ടീസ് നൽകിയത്. എന്നാൽ, അന്വേഷണം റദ്ദാക്കാൻ പി.എസ്.സി ഹൈകോടതിയില്‍ നല്‍കിയ ഹരജി തീർപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി ബൈജു ഹാജരായില്ല.

ഇതംഗീകരിക്കാനാകില്ലെന്നും നവംബര്‍ 10ന് നിര്‍ബന്ധമായും ഹാജരാകണമെന്നും ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച ചെയർമാൻ ഹാജരായില്ലെങ്കില്‍ വിവരം ഹൈകോടതിയെ അറിയിക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. നിലവിൽ എസ്.ഐ.ടി രജിസ്റ്റർ ചെയ്ത നാല് പരീക്ഷാതട്ടിപ്പ് കേസുകളിലും ചെയർമാനെ പ്രതിചേർക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് നിയമോപദേശവും തേടി.

ക്രമക്കേട്: പി.എസ്.സി ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ മാറ്റി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാക്രമക്കേട് കേസിലെ പ്രതികളായ അഡീഷനൽ സെക്രട്ടറി ആർ. ഹരി, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഈമാസം 16ലേക്ക് മാറ്റി. പ്രതികൾ ഹൈകോടതിയിൽ സമർപ്പിച്ച മറ്റൊരു ഹരജിയിൽ തീർപ്പുണ്ടാശേഷം ജാമ്യാപേക്ഷയിൽ വാദം കേട്ടാൽ മതിയെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യത്തെ തുടർന്നാണിത്.

ജാമ്യാപേക്ഷയിൽ കോടതി പ്രാരംഭ വാദം കേൾക്കുന്നതിനിടെയാണ് പ്രതിഭാഗം ആവശ്യം ഉന്നയിച്ചത്. കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിക്കാതെതന്നെ, അനുമതി ലഭിച്ചെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചതെന്നും ഇക്കാര്യം വിജിലൻസ് കോടതി കർശനമായി പരിശോധിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമായ സുരക്ഷിത പരീക്ഷാ സംവിധാനത്തിൽ തങ്ങൾക്ക് എങ്ങനെ ക്രമക്കേട് നടത്താൻ കഴിയുമെന്നും പ്രതികൾ ചോദിച്ചു.

രണ്ടു പ്രതികളെയും കേസന്വേഷിക്കുന്ന എസ്.ഐ.ടി നേരത്തെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇവർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യലിൽ ഇരുവരും പരസ്പരം പഴിചാരുന്ന മൊഴികളാണ് നൽകിയത്. ഈ സാഹചര്യത്തിൽ ഇവരെ ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എസ്.ഐ.ടി ഉദ്ദേശിക്കുന്നുണ്ട്.