സ്വന്തമായി ട്രക്കുണ്ടോ? കി.മീറ്ററിന് 50 രൂപ തരാം, കെ.എസ്.ആർ.ടി.സിക്ക് പാട്ടത്തിന് വേണം

കണ്ണൂർ: കെ.എസ്.ആര്‍.ടി.സിക്കു കീഴില്‍ സ്വകാര്യ ബസുകള്‍ക്കു പുറമെ ട്രക്കുകളും പാട്ടത്തിനെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി സി.പി. ജോൺ. കണ്ണൂർ ഡിപ്പോ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കൊറിയര്‍, ചരക്കു ഗതാഗത മേഖലകളില്‍ നിന്നുള്ള വരുമാനം ലക്ഷ്യമാക്കിയാണ് ഈ പദ്ധതി. സ്വകാര്യ ബസുകള്‍ ലീസിനെടുക്കുന്ന വിധത്തില്‍ കി.മീറ്ററിന് 50 രൂപ നിരക്കിലാണ് ട്രക്കുകളുടെയും വാടക നിശ്ചയിക്കുക. സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തില്‍ നൂറുകണക്കിന് ട്രക്കുകള്‍ ജില്ലകള്‍ തോറുമുണ്ട്. ഇവരില്‍ താല്‍പര്യമുള്ളവര്‍ക്ക് ട്രക്കുകള്‍ കെ.എസ്.ആർ.ടി.സിക്ക് ലീസിന് നല്‍കാം.

റെയില്‍വേയുടെ മാതൃകയില്‍ ചരക്കുഗതാഗതം വഴി നേട്ടമുണ്ടാക്കാനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ടി.ഒ. മോഹനന്‍ എം.എല്‍.എ പങ്കെടുത്തു. എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് വാങ്ങാന്‍ 45 ലക്ഷം രൂപയുടെ ചെക്ക് മന്ത്രിക്ക് എം.എല്‍.എ കൈമാറി.