പൂനെ പോര്‍ഷെ അപകടക്കേസ് കൂടുതല്‍ ദുരൂഹതയിലേക്ക്; 17കാരന്‍റെ അമ്മ നിരീക്ഷണത്തില്‍
പൂനെ: പൂനെയില്‍ 17കാരന്‍ മദ്യലഹരിയില്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവം കൂടുതല്‍ ദുരൂഹതയിലേക്ക്. പ്രതിയുടെ രക്തസാമ്പിളില്‍ കൃത്രിമം കാട്ടിയെന്നാണ് ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ പരിശോധനക്കായി 17കാരന്‍റെ രക്തസാമ്പിളുകള്‍ ശേഖരിച്ചെങ്കിലും പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്തസാമ്പിള്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Porsche accident
പ്രായപൂർത്തിയാകാത്ത പ്രതിയുടെ രക്തസാമ്പിളിൽ കൃത്രിമം കാണിച്ചതിന് സസൂൺ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് തവാരെ, മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി ഹൽനോർ, അതുൽ ഘട്കാംബ്ലെ എന്ന ജീവനക്കാരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിനു ശേഷം പ്രതിയടക്കം കാറിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുടെയും രക്തസാമ്പിളുകള്‍ എടുത്തിരുന്നു. എന്നാല്‍ പരിശോധനാഫലം നെഗറ്റീവായിരുന്നു. അപകടത്തിനു മുന്‍പ് 17കാരന്‍ മദ്യപിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട പൊലീസ്, ഇവരുടെ സാമ്പിളുകൾ എങ്ങനെയാണ് നെഗറ്റീവ് ആയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്.
സ്ത്രീയുടെ രക്തസാമ്പിള്‍ സിസി ടിവി ഇല്ലാത്ത സ്ഥലത്തു നിന്നാണ് എടുത്തതെന്ന് പൂനെ പൊലീസ് വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞു. പിന്നീട് ഡോക്ടർമാരും ജീവനക്കാരും ചേർന്ന് 17കാരന്‍റെ സാമ്പിൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും പ്രതിയുടെ സാമ്പിളെന്ന് പറഞ്ഞ് അമ്മയുടേത് നല്‍കിയെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ 17കാരന്‍റെ രക്തമെടുത്ത സിറിഞ്ച് ആശുപത്രി ജീവനക്കാര്‍ നശിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാറിനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു റിട്ടയേർഡ് ബ്യൂറോക്രാറ്റ് മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു.
പൂനെയിലെ കല്യാണി നഗറില്‍ മേയ് 19 ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച 17കാരന്‍ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഐടി പ്രൊഫഷണലുകളായ യുവാക്കള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മദ്യപ്രദേശ് സ്വദേശികളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്. യുവാക്കളെ ഇടിച്ചിട്ട കാര്‍ റോഡിലെ നടപ്പാതയില്‍ ഇടിച്ചാണ് നിന്നത്. സംഭവത്തിന് പിന്നാലെ 17കാരനെ നാട്ടൂകാര്‍ പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ 17കാരനെ മണിക്കൂറുകള്‍ക്ക് ശേഷം ജാമ്യത്തില്‍ വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് ജാമ്യം ജുവനൈൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കിയിരുന്നു.