പൂനെ പോർഷെ അപകടം; പ്രായപൂർത്തിയാവാത്ത പ്രതിയെ വിട്ടയക്കാൻ ഹൈക്കോടതി നിർദേശം
മുംബൈ: പൂനെ പോർഷെ കാറപകടക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ വിട്ടയക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവ്. റിമാൻഡ് ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ച് കോടതി റദ്ദാക്കി. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാപിതാക്കളും മുത്തച്ഛനും ഇപ്പോൾ ജയിലിൽ കഴിയുന്നതിനാൽ സംരക്ഷണം പിതൃസഹോദരിക്ക് നൽകിയതായി കോടതി പറഞ്ഞു. Porsche accident
ജസ്റ്റിസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരുടെ ബെഞ്ചാണ് ഇളവ് അനുവദിച്ചത്. അപകടം ദൗർഭാഗ്യകരമാണെങ്കിലും പ്രായപൂർത്തിയാകാത്ത ആളെ നിരീക്ഷണകേന്ദ്രത്തിൽ പാർപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു.
മെയ് 19ന് പുലർച്ചെയാണ് 17-കാരൻ ഓടിച്ച പോർഷെ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവ എഞ്ചിനീയർമാർ കൊല്ലപ്പെട്ടത്. പൂനെയിലെ സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരായ അശ്വിനി കോസ്റ്റ (24), അനീഷ് ആവാഡിയ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പ്ലസ്ടു ജയിച്ചതിന്റെ പാർട്ടി കഴിഞ്ഞ മദ്യലഹരിയിലാണ് 17-കാരൻ അതിവേഗത്തിൽ കാർ ഓടിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അപകടം നടന്ന ദിവസം ജാമ്യം അനുവദിച്ച ജുവനൈൽ കോടതി രക്ഷിതാക്കളുടെയും മുത്തച്ഛന്റെയും മേൽനോട്ടത്തിൽ റോഡ് സുരക്ഷയെക്കുറിച്ച് 300 വാക്കിൽ പ്രബന്ധം എഴുതാനും, രണ്ടാഴ്ച ട്രാഫിക് പൊലീസിനൊപ്പം പ്രവർത്തിക്കാനും കൗൺസിലിങ് നൽകാനുമാണ് നിർദേശിച്ചിരുന്നത്.
ഇതിനെതിരെ വൻ ജനരോഷമുയർന്നതോടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വീണ്ടും കോടതിയെ സമീപിച്ചു. മെയ് 22ന് കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കാനും നിരീക്ഷണകേന്ദ്രത്തിൽ പാർപ്പിക്കാനും കോടതി ഉത്തരവിടുകയായിരുന്നു.
കൗമാരക്കാരന്റെ മാതാപിതാക്കളും മുത്തച്ഛനും വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ടതിന് തുടർന്ന് ജയിലിലാണ്. കൗമാരക്കാരന് പകരം വാഹനമോടിച്ചത് വീട്ടിലെ ഡ്രൈവറാണെന്ന് വരുത്താനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ലൈസൻസില്ലാത്ത മകന് വാഹനമോടിക്കാൻ നൽകിയ കേസിൽ പിതാവ് വിശാൽ അഗർവാളിന് ജൂൺ 22ന് ജാമ്യം ലഭിച്ചിരുന്നു. മറ്റു കേസുകളിൽ പ്രതിയായതിനാൽ അദ്ദേഹം ജയിലിൽ തുടരുകയാണ്.