പി.വി അന്‍വര്‍ യുഡിഎഫ് വേദിയിലേക്ക്; മലയോര സമര യാത്രയില്‍ ഇന്ന് പങ്കെടുക്കും
മലപ്പുറം: പി.വി അന്‍വര്‍ ആദ്യമായി ഇന്ന് യുഡിഎഫ് വേദിയിലെത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന മലയോര സമര യാത്രയുടെ നിലമ്പൂർ എടക്കരയിലെ വേദിയിലാണ് പി.വി അന്‍വര്‍ പങ്കെടുക്കുക. രാവിലെ 10 മണിക്കാണ് പരിപാടി.
മലയോര യാത്രയില്‍ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പി.വി അന്‍വര്‍ പ്രതിപക്ഷ നേതാവിനെ കണ്ടിരുന്നു. തുടർന്നുണ്ടായ യുഡിഎഫിലെ കൂടിയാലോചകള്‍ക്ക് ശേഷം ഇന്നലെയാണ് വേദി പങ്കിടാൻ അന്‍വറിന് അനുമതി ലഭിച്ചത്. ഇതാദ്യമായിട്ടാണ് യുഡിഎഫിന്റെ ഒരു പരിപാടിയില്‍ പി.വി അന്‍വർ പങ്കെടുക്കുന്നത്.
യുഡിഎഫ് പ്രവേശനത്തിന് കാത്തിരിക്കുന്ന പി.വി അന്‍വറിന് മുന്നണിയിലേക്കുള്ള ചവിട്ടുപടിയാകും പ്രതിപക്ഷ നേതാവിനൊപ്പമുള്ള വേദി പങ്കിടൽ. ഇന്നലെ നിലമ്പൂര്‍ പോത്തുകല്ലില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലും അന്‍വര്‍ പങ്കെടുത്തിരുന്നു.