ഇന്ത്യൻ താരത്തിനെതിരായ വംശീയ പരാമർശം; കമ്രാൻ അക്മലിനെ ചരിത്രം പഠിപ്പിച്ച് ഹർഭജൻ സിങ്
ന്യൂയോർക്ക്: മുൻ പാക് വിക്കറ്റ്കീപ്പർ ബാറ്റർ കമ്രാൻ അക്മൽ ഇന്ത്യൻ പേസർ അർഷ്ദീപിനെതിരെ നടത്തിയ വംശീയ പരാമർശത്തിന് ചുട്ടമറുപടി നൽകി ഹർഭജൻ സിങ്. ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ ടിവി ഷോയ്ക്കിടെയാണ് അക്മൽ വിവാദ പരാമർശം നടത്തിയത്. പിന്നീട് താരം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.Racist
ഞായറാഴ്ച നടന്ന മത്സരത്തിൽ പാക് ഇന്നിംഗ്‌സിലെ അവസാന ഓവർ എറിയാനായി അർഷ്ദീപ് എത്തിയപ്പോഴായിരുന്നു തമാശ കലർത്തി പാക് താരത്തിന്റെ പ്രതികരണം. ”അവസാന ഓവർ എറിയാനായി വരുന്നത് ആരാണെന്ന് നോക്കൂ. ഇനി എന്തും സംഭവിക്കാം. അർഷ്ദീപ് ഫോം കണ്ടെത്താൻ പാടുപെടുകയാണ്. സമയം രാത്രി 12മണിയുമായല്ലോ”- ഇതായിരുന്നു കമന്റ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ഹർഭജൻ സിങ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ കമ്രാനെ ടാഗ് ചെയ്താണ് മുൻ ഇന്ത്യൻ സ്പിന്നർ കമന്റിട്ടത്.
”ഒരായിരം തവണ നിങ്ങളെ ശപിക്കുന്നു. നിങ്ങൾ ആ വൃത്തികെട്ട വായ തുറക്കുന്നതിന് മുൻപായി സിഖ് ചരിത്രം പഠിക്കണമായിരുന്നു. നിങ്ങളുടെ മാതാക്കളേയും സഹോദരിമാരെയും അധിനിവേശക്കാർ തട്ടിക്കൊണ്ടുപോയപ്പോൾ ഞങ്ങൾ സിഖുകാരാണ് രക്ഷിച്ചത്. അപ്പോഴും സമയം രാത്രി 12 മണി തന്നെ ആയിരുന്നു. നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു… കുറച്ചെങ്കിലും നന്ദി വേണ്ടേ”- ഹർഭജൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഹർഭജൻ ടാഗ് ചെയ്തിട്ട പോസ്റ്റിന് താഴെ പറഞ്ഞുകൊണ്ട് കമ്രാൻ പിന്നീട് രംഗത്തെത്തിയതോടെയാണ് വിവാദം അവസാനിച്ചത്. സിഖുകാരെക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും തന്റെ വാക്കുകൾ അനുചിതവും ബഹുമാനമില്ലാത്തതുമായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും പറഞ്ഞ കമ്രാൻ ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും വ്യക്തമാക്കി.