റഡാര്‍ പരിശോധനയില്‍ വീണ്ടും സിഗ്നല്‍ ലഭിച്ചു; അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം നാളെ ഉപയോഗിക്കും
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചില്‍പ്പെട്ട മലയാളി അര്‍ജുനായുള്ള റഡാര്‍ പരിശോധനയില്‍ വീണ്ടും സിഗ്നല്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. പുഴയിലെ മണ്‍കൂനയില്‍ നാവികസേന നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. സിഗ്നല്‍ കണ്ടെത്തിയ സ്ഥലത്ത് നാളെ വിശദമായ പരിശോധന നടത്തും. അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം നാളെ ഉപയോഗിക്കാനാണ് തീരുമാനം. ആര്‍മിയിലെ മേജര്‍ ജനറലായിരുന്ന എം . ഇന്ദ്രബാലിന്റെ സഹായം ദൗത്യസേന തേടിയിട്ടുണ്ട്. അദ്ദേഹം നാളെ ഷിരൂരിലെത്തും. ജി .പി. ആര്‍ ടെക്‌നോളജി ഉപയോഗിച്ച് ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. (intelligent object detection system to search arjun shirur landslide)
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇന്നത്തെ തെരച്ചില്‍ നേരത്തെ അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ഗംഗാവാലി പുഴയില്‍ കരയില്‍ നിന്ന് നാല്പത് മീറ്റര്‍ അകലെ ലോഹ സാന്നിധ്യം കണ്ടെത്തിയതായിരുന്നു ഇന്നത്തെ ആശ്വാസം. എട്ട് മണിയോടെ ഇന്ത്യന്‍ സൈന്യവും നാവിക സേനയും പുഴയിലിറങ്ങി തെരച്ചില്‍ ആരംഭിച്ചു. ഇതിനിടെ നദി ഗതിമാറി ഒഴുകി അപകടത്തില്‍ മരിച്ച അങ്കോള ഒളവറൈ സ്വദേശി അറുപത്തി രണ്ട്കാരി സണ്ണി ഗൗഡയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. അപകടം നടന്ന ഷിരൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഒളവറൈയിലെ വീട്ടിലെത്തിച്ച മൃതദേഹം സംസ്‌കരിച്ചു.
മലയാളി രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രായേലിനും സംഘത്തിനും ഇന്നും പോലീസ് വിലക്കേര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചിട്ടും അപകടം നടന്ന സ്ഥലത്തേക്ക് കടക്കാന്‍ കര്‍ണാടക പോലീസ് അനുവദിച്ചില്ല. ഡീപ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പുഴയില്‍ നടത്തിയ തെരച്ചിലിലും ഇന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടവിട്ട് പെയ്ത കനത്ത മഴയും കാറ്റും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
Story Highlights : intelligent object detection system to search arjun shirur landslide