കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്: പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
കോഴിക്കോട്: കോട്ടയം ഗവര്‍മെന്റ് നഴ്സിങ് കോളജിലെ റാഗിങ് കേസില്‍ അറസ്റ്റിലായ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. അല്ലെങ്കില്‍ ഇവരെ ജനകീയ വിചാരണയ്ക്ക് നീതിബോധമുള്ള വിദ്യാർത്ഥി സമൂഹം വിധേയമാക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷെഫ്രിന്‍ കെ.എം പറഞ്ഞു.Ragging
‘മനുഷ്യരെ ക്രൂര വിനോദങ്ങൾക്ക് ഇരയാക്കുന്ന പ്രത്യയശാസ്ത്ര പിൻബലമാണ് ഇത്തരം മനസ്സാക്ഷിയില്ലാത ചെയ്തികൾക്ക് പ്രതികളെ പ്രാപ്തരാകുന്നത് എന്നത് നടുക്കുന്ന വാർത്തയാണ്. എസ്എഫ്ഐ നേതാക്കൾ ആണ് പ്രധാന പ്രതികൾ. എസ്എഫ്ഐയുടെ നഴ്സിങ് സംഘടനയുടെ ഭാരവാഹി കൂടിയാണ് പ്രതി.
പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ ക്രൂരമായി റാഗ് ചെയ്തു കൊലപ്പെടുത്തിയതും എസ്എഫ്ഐ നേതാക്കൾ തന്നെയായിരുന്നു. എസ്എഫ്ഐ എന്ന ക്രിമിനൽ സംഘത്തെ ക്യാമ്പസുകളിൽ നിന്നും ഒറ്റപ്പെടുത്തണമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കോട്ടയം നഴ്സിംഗ് കോളജിൽ നിന്നും വരുന്ന ക്രൂരമായ റാഗിംഗ് വാർത്തകൾ ഞെട്ടിക്കുന്നതാണ്, തീർത്തും മനുഷ്യത്വ വിരുദ്ധമായ ചെയ്തികളാണ് ആദ്യ വർഷ വിദ്യാർത്ഥികളോട് പ്രതികൾ ചെയ്തത്.
വിദ്യാർഥികളെ കെട്ടിയിട്ട് മർദ്ദിക്കുക, വിദ്യാര്‍ഥി കരഞ്ഞുനിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിച്ച് വേദനിപ്പിക്കുക.. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുക. വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവെയ്ക്കുക. ഇതു കൂടാതെ ‘ഞാന്‍ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ഥിയുടെ വയറില്‍ കുത്തിപരിക്കേല്‍പ്പിക്കുന്നത്.
‘മതി ഏട്ടാ വേദനിക്കുന്നു’ എന്ന് ജൂനിയര്‍ വിദ്യാര്‍ഥി കരഞ്ഞുപറഞ്ഞിട്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരത അവസാനിപ്പിക്കുന്നില്ല. മനുഷ്യരെ ക്രൂര വിനോദങ്ങൾക്ക് ഇരയാക്കുന്ന പ്രത്യയ ശാസ്ത്ര പിൻബലമാണ് ഇത്തരം മനസ്സാക്ഷിയില്ലാത ചെയ്തികൾക്ക് പ്രതികളെ പ്രാപ്തരാകുന്നത് എന്നത് നടുക്കുന്ന വാർത്തയാണ്. എസ്എഫ്ഐ നേതാക്കൾ ആണ് പ്രധാന പ്രതികൾ. എസ്എഫ്ഐയുടെ നഴ്സിംഗ് സംഘടനയുടെ ഭാരവാഹി കൂടിയാണ് പ്രതി. പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ ക്രൂരമായി റാഗ് ചെയ്തു കൊലപ്പെടുത്തിയതും എസ്എഫ്ഐ നേതാക്കൾ തന്നെയായിരുന്നു.
ഈ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ ഇവരെ ജനകീയ വിചാരണയ്ക്ക് നീതിബോധമുള്ള വിദ്യാർത്ഥി സമൂഹം വിധേയമാക്കുക തന്നെ ചെയ്യും. എസ്എഫ്ഐ എന്ന ക്രിമിനൽ സംഘത്തെ ക്യാമ്പസുകളിൽ നിന്നും ഒറ്റപ്പെടുത്തുക തന്നെ വേണം.