എ.കെ. ബാലന്റെ വിവാദപരാമർശത്തിനെതിരെ രാഹുൽ ഈശ്വർ: ‘ബാലൻ പറയുന്നത് ശശികല പോലും ഞെട്ടുന്ന തീവ്രഹിന്ദുത്വം’
കൊച്ചി: മാറാട് കലാപം ആവർത്തിക്കുമെന്ന മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലന്റെ വിവാദ പ്രസ്താവനക്കെതിരെ ശബരിമല തന്ത്രികുടുംബാംഗം രാഹുൽ ഈശ്വർ. വി.എച്ച്.പി നേതാവ് കെ.പി. ശശികല പോലും ഞെട്ടുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയ ലൈനാണ് സഖാവ് ബാലൻ പറയുന്നതെന്ന് രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു.
മാറാട് കലാപ ഭീതി എന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയ ലൈൻ, സി.പി.എമ്മിന്റെ മുഖംമൂടിയിട്ട് എ.കെ. ബാലൻ പറഞ്ഞാൽ പിന്നെ ബി.ജെ.പി രാഷ്ട്രീയത്തിന് കേരളത്തിൽ എന്ത് സ്പേസാണ് ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു. ഹിന്ദുവോട്ടുകൾ പിടിക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ബിജെപിയും പോരാട്ടം നടത്തുന്നത്. അത് കൊണ്ടാണ് ശശികല ടീച്ചർ പോലും ഞെട്ടുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയ ലൈൻ സഖാവ് ബാലൻ പറയുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
ശരിക്കും ശശികല ടീച്ചർ ആണ് സഖാവ് ബാലനെതിരെ പരാതി കൊടുക്കേണ്ടത്. സഖാവ് ബാലൻ “മാറാട് കലാപ ഭീതി എന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയ ലൈൻ CPM മുഖംമൂടി” ഇട്ടു പറഞ്ഞാൽ പിന്നെ BJP രാഷ്ട്രീയത്തിനെന്താ കേരളത്തിൽ SPACE ..???
എത്ര സിമ്പിൾ ആണ് കാര്യങ്ങൾ. മുസ്‌ലിം, ക്രിസ്ത്യൻ 70% – 75% കോൺഗ്രസ് + മുസ്‌ലിം ലീഗ് / UDF നു വോട്ട് ചെയ്യും.
ബാക്കി കേരളത്തിൽ ഉള്ള 50% – 55% ഹിന്ദുക്കൾ — അതിൽ 12 – 15% നായർ + ബ്രാഹ്മണ + സവർണ ഹിന്ദു Votes, 22 – 25% ഈഴവ / തിയ്യ വോട്ടുകൾ, 10 % ഹിന്ദു മറ്റു (വിശ്വകർമ, നാടാർ അടക്കം)+ പിന്നോക്ക Votes (പുലയ, ആദിവാസി, SC/ST അടക്കം ഉള്ള വോട്ടുകൾ)
കമ്മ്യൂണിസ്റ്റ് പാർട്ടി vs ബിജെപി പോരാട്ടം ഈ വോട്ടുകൾക്ക് വേണ്ടിയാണു. അത് കൊണ്ടാണ് ശശികല ടീച്ചർ പോലും ഞെട്ടുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയ ലൈൻ സഖാവ് ബാലൻ പറയുന്നത്. എന്നിട്ടു പേര് — വിശ്വമാനവികത, മതേതരത്വം, മതം രാഷ്ട്രീയത്തിൽ വേണ്ട, മത നിരപേക്ഷത…
