‘ഹൂ കെയേഴ്സിൽ’നിന്ന് തടങ്കലിലേക്ക്; വിവാദങ്ങൾ വിടാതെ പിന്തുടർന്ന ആറ് മാസം


പാലക്കാട്: യൂത്ത് കോൺഗ്രസിന്‍റെ തീപ്പൊരി നേതാവും കോൺഗ്രസ് എം.എൽ.എയും ആയിരിക്കുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണമുയരുന്നത്. കഴിഞ്ഞവർഷം ജൂലൈയിലായിരുന്നു സംഭവം. ഇതിനെതിരെ ‘ഹൂ കെയേഴ്സ്’ എന്ന പരിഹാസ വാചകവുമായി രംഗത്ത് വന്ന രാഹുലിനെതിരെ പിന്നീട് ഉയർന്നത് നിരവധി പീഡനാരോപണങ്ങളാണ്.

ആഗസ്റ്റ് 19ന് നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്‌ ഒരു യുവനേതാവിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതിൽ രാഹുൽ ഉപയോഗിച്ച ‘ഹൂ കെയേഴ്സ്’ റിനി പറഞ്ഞതോടെയാണ് ആരോപണങ്ങൾ ശക്തമായത്.

ഇതിനെ ശരിവെക്കും വിധം ആഗസ്റ്റ് 21ന് പരാതി നൽകിയ യുവതിയുമായുള്ള രാഹുലിന്‍റെ ഫോൺ സംഭാഷണവും ചാറ്റുകളും പുറത്തുവന്നു. ഗർഭഛിദ്രത്തിന്‌ നിർബന്ധിക്കുന്നതായിരുന്നു സംഭാഷണം. ഇതിനിടെ രാഹുലിനെതിരെ ആരോപണവുമായി ട്രാൻസ്‌വുമണും രംഗത്തുവന്നു. വിവാദങ്ങളെ തുടർന്ന് ആഗസ്റ്റ് 21ന് രാഹുൽ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു.

രാഹുൽ ലൈംഗികമായി പീഡിപ്പിച്ചതായി ആഗസ്റ്റ് 22ന് മറ്റൊരു യുവതി കൂടി പരാതി നൽകി. അതിജീവിതയെയും ഗർഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ചാറ്റ് ആഗസ്റ്റ് 23 ന് പുറത്തായി. ഇതോടെ വനിതകമിഷൻ സ്വമേധയാ കേസെടുത്തു. ബാലാവകാശ കമിഷൻ റിപ്പോർട്ട് തേടി.

ആഗസ്റ്റ് 25ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽനിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു. ആഗസ്റ്റ് 25ന് ക്രൈംബ്രാഞ്ച് കേസെടുത്തു. കേസന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിച്ചു. സെപ്റ്റംബർ 10ന് റിനി ആൻ ജോർജ് അന്വേഷണ സംഘത്തിന് മൊഴി നൽകി.

വിവാദങ്ങളെതുടർന്ന് ഒരു മാസത്തിലധികം മണ്ഡലത്തിൽനിന്ന് മാറിനിന്ന രാഹുൽ സെപ്റ്റംബർ 24ന് പാലക്കാട്ട് തിരിച്ചെത്തി. ഇതിനിടെ, രാഹുലിനെതിരെ പാർട്ടിക്കുള്ളിലും ഭിന്നാഭിപ്രായങ്ങളുയരാൻ തുടങ്ങിയിരുന്നു. നവംബർ 27ന് രാഹുലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജ്ന ബി. സജൻ എ.ഐ.സി.സിക്കും സോണിയഗാന്ധിക്കും പരാതി നൽകി. നവംബർ 27ന് അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്നുതന്നെ രാഹുൽ തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് പിൻവാങ്ങി പാലക്കാട്ട് നിന്ന് മുങ്ങി.

നവംബർ 28ന് നെടുമങ്ങാട് വലിയമല പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. കേസ് നേമം പൊലീസിന് കൈമാറി. രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവിൽ പോയ രാഹുൽ നവംബർ 28ന് അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകി. ഡിസംബർ മൂന്നിന് രാഹുലിന്‍റെ ജാമ്യഹരജിയിൽ കോടതി വാദം കേട്ട ശേഷം വിധി പറയാൻ അടുത്ത ദിവസത്തേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞില്ല.

നവംബർ 30ന് തിരുവനത്തപുരത്തുനിന്നുളള പ്രത്യേക അന്വേഷണ സംഘം പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തി സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചു. ഡിസംബർ രണ്ടിന് ബംഗളൂരു സ്വദേശിനിയായ 23കാരി കെ.പി.സി.സി പ്രസിഡന്‍റിന് രാഹുലിനെതിരെ ബലാത്സംഗ പരാതി നൽകി. ഡിസംബർ നാലിന് രാഹുലിന് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. തൊട്ടുപിന്നാലെ പാർട്ടിയിൽനിന്ന് പുറത്താക്കി. ഡിസംബർ അഞ്ചിന് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകി.

രണ്ടാമത്തെ കേസിൽ ഡിസംബർ ആറിന് രാഹുൽ തിരുവനന്തപുരം അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ ജാമ്യ ഹരജി നൽകി. ആദ്യ കേസിൽ ഹൈകോടതി അറസ്റ്റ് തടഞ്ഞപ്പോൾ രണ്ടാം കേസിൽ സെഷൻസ് കോടതി അറസ്റ്റ് വിലക്കിയില്ല.

രണ്ടാം കേസിൽ ഡിസംബർ 10ന് തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ 11ന് രാഹുൽ പാലക്കാട്ടെത്തി വോട്ട് രേഖപ്പെടുത്തി. തുടർന്നും പ്രതിഷേധങ്ങളുടെ വേലിയേറ്റമായിരുന്നു. കുന്നത്തൂർമേട്ടിലെ ഫ്ലാറ്റ് ഒഴിയേണ്ടി വന്ന രാഹുൽ നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് താമസം തുടങ്ങി. ഇതിനിടെയാണ് മൂന്നാം കേസിൽ അറസ്റ്റിലാകുന്നത്.