രാഹുൽ മാങ്കൂട്ടത്തിൽ കേസ്: പരാതിക്കാരി രഹസ്യമൊഴി നൽകി



തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ രണ്ടാം ബലാത്സംഗ കേസിൽ രഹസ്യമൊഴി നൽകി പരാതിക്കാരി. തിരുവനന്തപുരത്തെ കോടതിയിലാണ് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ വൈദ്യപരിശോധനയും പൂർത്തിയാക്കി. പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അതിനാലാണ് മൊഴി നൽകാൻ വൈകിയതെന്നും, എന്നാൽ രണ്ടാം പരാതി കള്ളപരാതിയാണെന്ന് മാധ്യമങ്ങളിൽ രാഹുൽ പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ തീരുമാനിച്ചെന്നും മൊഴിയിൽ പറയുന്നു.

പരാതിയിൽ ഒരു തവണ ബലാത്സംഗം ചെയ്തെന്നാണ് പറയുന്നതെങ്കിലും ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് മൊഴി. ഹോം സ്റ്റേയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നും വീട്ടിൽ അതിക്രമിച്ചുകടന്ന് ഉപദ്രവിച്ചെന്നും മൊഴിയിലുണ്ട്. കേരളത്തിന് പുറത്ത് പഠിക്കുന്ന പരാതിക്കാരി അവിവാഹിതയാണ്. ഈ കേസിൽ രാഹുലിന് നേരത്തെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു.

അതിനിടെ ഒന്നാം ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരായി. എന്നാൽ എം.എൽ.എ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഹൈകോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം മുതൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ തയാറായത്. ചൊവ്വാഴ്ചയും ഹാജരാകാൻ നിർദേശമുണ്ട്. എന്നാൽ ക്രൈംബ്രാഞ്ചിന്‍റെ പല ചോദ്യങ്ങൾക്കും രാഹുൽ വ്യക്തമായ മറുപടി നൽകുന്നില്ലെന്നാണ് വിവരം.

റിപ്പോർട്ട് തേടി മനുഷ്യാവകാശ കമീഷൻ

ആലുവ: രാഹുൽ മാങ്കൂട്ടം എം.എൽ.എയെ രഹസ്യ നടപടികളിലൂടെ കസ്റ്റഡിയിൽ എടുത്ത സംഭവത്തെ കുറിച്ച് നാലാഴ്ചക്കകം പൊലീസ് മേധാവിയോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് സമർപ്പിച്ച പരാതിയിലാണ് നടപടി.