‘ഇത് അക്രമം, ഒന്നും തരുന്നുമില്ല, ഉള്ളത് എടുത്തുകൊണ്ട് പോകുകയും ചെയ്യുന്നു’; പാലക്കാട് റെയില്വേ ഡിവിഷന് വിഭജനത്തിൽ രമേഷ് പിഷാരടി, പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: കൈയിലിരിക്കുന്നതിനെ ബലമായി എടുത്തുകൊണ്ട് പോകുന്നത് അക്രമമാണെന്ന് പാലക്കാട് എം.എല്.എ രമേഷ് പിഷാരടി. പാലക്കാട് റെയില്വേ ഡിവിഷനില് നിന്നും മംഗളൂരു മേഖലയെ വിഭജിക്കുവാനുള്ള കേന്ദ്ര സര്ക്കാര് നീക്കത്തിനെതിരെ ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപം സഭയില് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ഡിവിഷന് വിഭജിക്കുന്നത് ജനങ്ങളുടെ ദൈനംദിന യാത്രാപ്രശ്നങ്ങളെയും ജീവിതത്തെയും ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, ജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ നീക്കത്തില് നിന്ന് കേന്ദ്രസര്ക്കാര് എത്രയും വേഗം പിന്വാങ്ങണമെന്ന് രമേഷ് പിഷാരടി ആവശ്യപ്പെട്ടു.
വിഭജനം കേരളത്തോടുള്ള അവഗണനയല്ല, തട്ടിപ്പറിക്കലാണ്. കേരളത്തിന് റെയിൽവെ വാഗ്ദാനം ചെയ്യുന്നത് തരുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ളത് എടുക്കുകയുമാണ്. വിഭജനം വഴി ആയിരം കോടി രൂപയുടെ നഷ്ടമാണ് ഡിവിഷൻ സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന നിയമസഭ കേന്ദ്രസർക്കാറിനോടും റെയിൽവെ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ചർച്ചകൾക്കുശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ഔദ്യോഗിക പ്രമേയത്തെ യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ അനുകൂലിച്ചപ്പോൾ രണ്ട് ബി.ജെ.പി അംഗങ്ങൾ വിയോജിച്ചു.
കേന്ദ്രസർക്കാറിന്റെ തീരുമാനം കേരളത്തോടുള്ള അവഗണനയാണെന്നും പാലക്കാട് ഡിവിഷൻ പോലും ഇല്ലാതാകുന്നതിന് ഇടയാക്കുമെന്നും യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ, ഭരണപരമായ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഡിവിഷൻ വിഭജിച്ചതെന്ന് ബി.ജെ.പി അംഗം വി. മുരളീധരൻ പറഞ്ഞു. ഈ വാദത്തെ യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ കടുത്ത ഭാഷയിൽ വിമർശിച്ചു.
സംസ്ഥാന സർക്കാറിനെയും ഇവിടെ നിന്നുള്ള എം.പിമാരെയും ഇരുട്ടിൽ നിർത്തിയാണ് പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടതെന്ന് ചർച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിഭജനം മൂലം റെയിൽവെ മേഖലയിൽ കേരളത്തിനുണ്ടാകുന്ന നഷ്ടം നികത്തണം. വിഷയത്തിൽ കേന്ദ്ര റെയിൽവെ മന്ത്രിയെ ഉടൻ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച ഔദ്യോഗിക പ്രമേയം, ബി.ജെ.പി അംഗങ്ങളുടെ വിയോജിപ്പോടെ സഭ അംഗീകരിക്കുകയായിരുന്നു.
