പോക്സോ കേസിൽ ജാമ്യമില്ല; ആർ.സി.ബി താരം യഷ് ദയാലിന് തിരിച്ചടി

ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ക്രിക്കറ്റ് താരം യഷ് ദയാലിന്‍റെ മുൻകൂർ ജാമ്യഹരജി ജയ്പുർ പോക്സോ കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും യഷ് ദയാലിന് പങ്കുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നും ചൂണ്ടിക്കാട്ടി പോക്സോ കോടതി ജഡ്ജി അൽക ബൻസാലാണ് ജാമ്യാപേക്ഷ തള്ളിയത്. ഐ.പി.എൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിൽ അംഗമായ യഷ് ദയാൽ, ക്രിക്കറ്റ് കരിയറിലെ ഉയർച്ച വാഗ്ദാനം ചെയ്ത് രണ്ടര വർഷത്തോളം പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി.
ജയ്പുരിലെ സംഗനിർ സദർ പൊലീസ് സ്റ്റേഷനിലാണ് ക്രിക്കറ്റ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജയ്പുരിലും കാൺപുരിലുമുള്ള ഹോട്ടലുകളിൽ എത്തിച്ച് പലപ്പോഴായി യഷ് ദയാൽ പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്നു. പെൺകുട്ടിയുടെ ഫോണിൽനിന്ന് കണ്ടെത്തിയ ചിത്രങ്ങൾ, വിഡിയോകൾ, ചാറ്റ്, കാൾ റെക്കോഡുകൾ, ഹോട്ടലിൽ താമസിച്ചതിന്‍റെ രേഖകൾ എന്നിവയുൾപ്പെടെ തെളിവായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.
എന്നാൽ പെൺകുട്ടിയുമായി പൊതുസ്ഥലത്തു മാത്രമേ കണ്ടുമുട്ടിയിട്ടുള്ളൂവെന്നും പ്രായപൂർത്തിയായ ആളെന്ന രീതിയിലാണ് പരിചയപ്പെട്ടതെന്നും ദയാലിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പെൺകുട്ടി പലപ്പോഴായി ദയാലിൽനിന്ന് പണം വാങ്ങിയിട്ടുണ്ട്. വീണ്ടും ചോദിച്ച് കിട്ടാതെ വന്നതോടെ താരത്തെ അപമാനിക്കാനായാണ് പരാതി നൽകിയത്. സമാനമായ മറ്റൊരു കേസ് ഗാസിയാബാദ് കോടതിയുടെ പരിഗണനയിലുണ്ടെന്നും എല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന നിലപാട് കോടതി സ്വീകരിക്കുകയായിരുന്നു.
