സുപ്രീംകോടതിയിൽ കേരളത്തിന് ആശ്വാസം; 13,608 കോടി കടമെടുക്കാം

ന്യൂഡൽഹി: കേരളത്തിന്റെ കടമെടുപ്പിന് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച ‘സുപ്രീംകോടതിയിലെ ഹരജി പിൻവലിക്കണം’ എന്ന വിവാദ ഉപാധി സുപ്രീംകോടതി നീക്കി. ഈ വ്യവസ്ഥയില്ലാതെ 13,608 കോടി രൂപ കടമെടുക്കാമെന്ന് സുപ്രീംകോടതിയുടെ വാക്കാൽ നിർദേശത്തെതുടർന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചു.

 

ഇതിനു പുറമെ 15,000 കോടി രൂപ കടമെടുപ്പിന് കേരളം തേടിയ അനുമതി കേന്ദ്രവും കേരളവും അഭിഭാഷകരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് തീർപ്പാക്കാൻ കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് കേരളത്തിന് ആശ്വാസവും കേന്ദ്രത്തിന് തിരിച്ചടിയുമായ നടപടി.

 

കേന്ദ്രവും കേരളവും തമ്മിലുള്ള ആദ്യ ചർച്ചയിൽ 13,608 കോടി കടമെടുപ്പ് കേന്ദ്രം സമ്മതിച്ചതാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇത് കേന്ദ്രത്തിന്റെ തീരുമാനമാണ്. സുപ്രീംകോടതിയിലെ ഹരജി പിൻവലിക്കണമെന്ന വ്യവസ്ഥ എന്തിനാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. മറ്റു ഉപാധികൾ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. അവ കേരളം അംഗീകരിക്കാതിരിക്കില്ല. ആ ഉപാധി ഒഴിവാക്കാനാകുമോ എന്ന് ജസ്റ്റിസ് സൂര്യകാന്ത് ആരാഞ്ഞു.

 

തീരുമാനം നീതിപൂർവകമല്ലെങ്കിൽ പോലും കോടതിയിൽ പോകരുതെന്നാണ് കേന്ദ്രം ഇതിലൂടെ പറയുന്നതെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥനും ചൂണ്ടിക്കാട്ടി. ഹരജി പിൻവലിക്കണമെന്ന ഉപാധി വെച്ചത് തെറ്റാണ്. ധനസ്ഥിതി വിഷയം കോടതിയിൽ ഉയർത്തിയതാണ്. അതിന് കോടതിക്കേ ഉത്തരം നൽകാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

 

13,608 കോടിയോടെ കേരളത്തിന്റെ പ്രശ്നം തൽക്കാലം തീരില്ലേ എന്ന ചോദ്യത്തിന്, ഇല്ലെന്നും 15,000 കോടി കടമെടുപ്പിന് അനുമതി വേണമെന്നും കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മറുപടി നൽകി. 13,608 കോടി കേന്ദ്ര നയപ്രകാരം കേരളത്തിന് അർഹതപ്പെട്ടതാണെന്നും അതിന് അനുമതി ആവശ്യമില്ലെന്നും സിബൽ ബോധിപ്പിച്ചു.

 

അതല്ലാതെ 15,000 കോടിക്കാണ് അനുമതി ചോദിക്കുന്നത്. ഇത് അനുവദിക്കില്ലെന്നും ബോണ്ട് എടുക്കാനോ വായ്പയെടുക്കാനോ പറ്റില്ലെന്നും കേന്ദ്രം പറയുന്നു. രണ്ട് ചൊവ്വാഴ്ചകൂടി കഴിഞ്ഞാൽ കടമെടുക്കാനാകാത്ത സാഹചര്യമാകുമെന്നും സിബൽ ഓർമിപ്പിച്ചു.

 

തുടർന്ന്, ഇപ്പോൾ 13,608 കോടി എടുക്കാൻ കേരളത്തോട് ആവശ്യപ്പെട്ട സുപ്രീംകോടതി അധികമായി ചോദിച്ച തുകയുടെ കാര്യത്തിൽ കേന്ദ്രവും കേരളവും ചർച്ച നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു.

 

ബുധനാഴ്ചയോ വ്യാഴാഴ്ചയോ ചർച്ച നടക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചപ്പോൾ ഉദ്യോഗസ്ഥർ തയാറാണെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ വെങ്കിട്ട രമണിയും അഡീഷനൽ സോളിസിറ്റർ ജനറലും കേരളത്തിനുവേണ്ടി കപിൽ സിബലും അറിയിച്ചു.

 

കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ഉദ്യോഗസ്ഥർ വിഷയം സംഭാഷണത്തിലൂടെ തീർക്കട്ടെയെന്നും അവർക്കതിന് കഴിയുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ തീയതി പറയുന്നില്ലെന്നും ആവശ്യം വന്നാൽ ശ്രദ്ധയിൽപെടുത്തിയാൽ മതിയെന്നും സുപ്രീംകോടതി നിർദേശിച്ചു.

 

ചർച്ചക്ക് പോകുമ്പോൾ ഹരജിയുണ്ടെന്ന ധാരണ വേണ്ട. അതിനാലാണ് കേസ് വീണ്ടും പരിഗണിക്കാൻ തീയതി നിശ്ചയിക്കാത്തതെന്നും സുപ്രീംകോടതി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളും കോടതിയിൽ വരാൻ സാധ്യതയുള്ളതിനാൽ വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന എ.ജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *