12 വയസുകാരനെ മദ്യം നല്‍കി അധ്യാപകൻ പീഡിപ്പിച്ചത് അറിഞ്ഞിട്ടും മറച്ചുവെച്ചു -സ്കൂളിനെതിരെ റിപ്പോർട്ട്



പാലക്കാട്: മലമ്പുഴയിൽ മദ്യം നല്‍കി 12 വയസുകാരനെ അധ്യാപകൻ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ മറച്ചുവെച്ചെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട്. സംഭവമറിഞ്ഞിട്ടും ദിവസങ്ങളോളും പരാതി മറച്ചുവെച്ചു. പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ മാത്രമാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ഇതേതുടർന്ന് ഹെഡ് മാസ്റ്ററോടും മാനേജ്മെന്‍റ് പ്രതിനിധികളോടും ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

നവംബര്‍ 29നായിരുന്നു സംഭവം. യു.പി സ്‌കൂള്‍ സംസ്കൃതം അധ്യാപകൻ കൊല്ലങ്കോട് സ്വദേശി അനിലാണ് പിടിയിലായത്. ആറാം ക്ലാസ് വിദ്യാർഥിയായ 12 വയസുകാരനെയാണ് ഇയാൾ ക്വാർട്ടേഴ്സിൽ പീഡനത്തിനിരയാക്കിയത്.

താൻ നേരിട്ട പീഡനം വിദ്യാർഥി സഹപാഠിയോട് പറയുകയായിരുന്നു. ഇക്കാര്യം സഹപാഠിയുടെ രക്ഷിതാക്കൾ അതേ ദിവസം തന്നെ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ അധ്യാപകനെ പിരിച്ചുവിട്ടു. എന്നാൽ, ചൈൽഡ് ലൈനിൽ വിവരം അറിയിച്ചില്ല.

സ്‌പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. അനിലിനെ മലമ്പുഴ പൊലീസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.