'വിദേശ ക്യാപ്റ്റനെ കിട്ടിയില്ലെങ്കിൽ റിങ്കുവിനെ ക്യാപ്റ്റനാകൂ'; കൊൽക്കത്തക്കായി ആകാശ് ചോപ്രയുടെ കിടിലൻ പ്ലാൻ

കൊൽക്കത്ത: ‘അവന്റെ ചുമലിൽ ആ വലിയ ഉത്തരവാദിത്തം ഏൽപ്പിക്കൂ, റിങ്കു സിങ് അത് ചെയ്ത് കാണിച്ചുതരും’ ഐ.പി.എൽ 2027ന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ആരാധകരെയും ടീം മാനേജ്മെന്റിനെയും ഒരുപോലെ ആവേശം കൊള്ളിക്കുന്നൊരു നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അജിങ്ക്യ രഹാനെ വിരമിച്ച ഒഴിവിലേക്ക് ടീമിന്റെ പുതിയ നായകനായി ആരെത്തുമെന്ന ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിലാണ് ചോപ്രയുടെ ഈ മാസ്റ്റർസ്ട്രോക്ക് നിർദ്ദേശം.
ലേലത്തിൽ മനസിനിണങ്ങിയ വിദേശ ക്യാപ്റ്റൻമാരെ കിട്ടിയില്ലെങ്കിൽ പിന്നെ ഒട്ടും ആലോചിക്കേണ്ടതില്ലെന്നും നമ്മുടെ സ്വന്തം റിങ്കു സിങിനെ തന്നെ ആ കസേരയിലേക്ക് ഇരുത്തണമെന്നുമാണ് ചോപ്ര തുറന്നടിക്കുന്നത്. ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് റിങ്കുവിന്റെ ആത്മവിശ്വാസമാണ്. ഉത്തർപ്രദേശ് ടി20 ലീഗിൽ മീററ്റ് മാവെറിക്സിനെ മുന്നിൽ നിന്ന് നയിച്ച് കിരീടം ചൂടിച്ച ചരിത്രം റിങ്കുവിനുണ്ട്. വലിയ സമ്മർദ്ദങ്ങളെ അതിജീവിച്ച് കളി ജയിപ്പിക്കാൻ അറിയാവുന്ന റിങ്കുവിന് ടീമിനെ നയിക്കാനും അനായാസം സാധിക്കുമെന്നാണ് ചോപ്രയുടെ വിലയിരുത്തൽ.
ഡിസംബർ 16-ന് ഗോവയിൽ വെച്ചുനടക്കുന്ന ഐ.പി.എൽ ലേലത്തിൽ പർപ്പിൾ പടക്ക് മേൽക്കൈ നേടണമെങ്കിൽ കയ്യിൽ പണം വേണം. അതിനായി ടീമിലെ ചില വമ്പൻ താരങ്ങളെ ഒഴിവാക്കണമെന്ന കടുപ്പമേറിയ നിർദ്ദേശമാണ് ആകാശ് ചോപ്ര പിന്നീട് മുന്നോട്ടുവെക്കുന്നത്.
തകർപ്പൻ ഫോമിലുള്ള ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ (25.2 കോടി രൂപ), ലങ്കൻ സ്പീഡ് ഗൺ മതീഷ പതിരാന (18 കോടി രൂപ) എന്നിവരെ ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ഈ രണ്ട് ഭീമന്മാരെയും ഒഴിവാക്കിയാൽ മാത്രം കെ.കെ.ആറിന്റെ പെട്ടിയിലേക്ക് ഏകദേശം 43 കോടി രൂപയോളം അധികമായി വന്നുചേരും. പിന്നെ ലേലത്തിൽ ആരെയും പണം നോക്കാതെ സ്വന്തമാക്കാനും ടീമിന് ആവശ്യമായ ബാലൻസ് ഉറപ്പാക്കാനും സാധിക്കും. ആകാശ് ചോപ്രയുടെ ഈ മാസ്റ്റർപ്ലാൻ കൊൽക്കത്ത മാനേജ്മെന്റ് നടപ്പിലാക്കുമോ എന്നും അടുത്ത സീസണിൽ പർപ്പിൾ പട ഏതൊക്കെ പുതിയ താരങ്ങളുമായി കളത്തിലിറങ്ങുമെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും.
