കലോത്സവവേദിയിൽ സർവം മായ; ‘ഡെലുലു’ ചുരിദാറിട്ട് റിയ ഷിബു, ഇളകിമറിഞ്ഞ് കാണികൾ
തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവവേദിയെ ഇളക്കിമറിച്ച് മലയാളികളുടെ സ്വന്തം റിയ ഷിബു. ‘സർവം മായ’ ലുക്കിലെത്തിയാണ് നടി റിയ കലോസ്തവ കാണികളുടെ മനം കവർന്നത്. സിനിമയിൽ ‘ഡെലുലു’ ധരിച്ച ലാവണ്ടർ നിറത്തിലുള്ള ചുരിദാറിട്ടാണ് റിയ ഉദ്ഘാടന വേദിയിലെത്തിയത്. നീലയിൽ ലാവണ്ടർ പൂക്കളുള്ള ഈ ചുരിദാറുള്ള സിനിമയുടെ പോസ്റ്റർ വൈറലായിരുന്നു.
കലോത്സവങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും തനിക്ക് തന്നെ തന്നെ വിശ്വാസമില്ലാത്തതിനാൽ അത് സാധിച്ചില്ലെന്ന് വിശിഷ്ടാതിഥിയായ റിയ ഷിബു പറഞ്ഞു. കലോത്സവത്തിൽ മത്സരിക്കാൻ എത്തിയപ്പോൾ തന്നെ നിങ്ങൾ വിജയിച്ചിരിക്കുകയാണ്. കാരണം, നിങ്ങൾ നിങ്ങളുടെ കഴിവിൽ വിശ്വസിക്കുന്നുണ്ട്. അതാണ് എല്ലാ ബഹുമതികൾക്കും മുകളിലുള്ളത്. കല ഹൃദയത്തിനുള്ളി നിന്ന് വരുന്നതാണ്. അതൊരു വികാരമാണ് -റിയ പറഞ്ഞു.
‘സർവം മായ’യിൽ അഭിനയിക്കുന്നതിന് മുമ്പ് തനിക്ക് ഡാൻസ് അറിയില്ലെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കുമായിരുന്നു. അത് ഞാൻ വിശ്വസിച്ചിരുന്നെങ്കിൽ എനിക്ക് നിങ്ങളുടെ ‘ഡെലുലു’ ആകാൻ കഴിയില്ലായിരുന്നു. ഒരു തോൽവി ഉണ്ടായാലും അത് നിങ്ങളെ നിർവചിക്കാൻ അനുവദിക്കരുത്. കല നിങ്ങളുടെ ഹൃദയത്തിൽ ഉള്ളതാണ്. നിങ്ങളുടെ ഉള്ളിലുള്ള കലയെ ലോകത്തിന് കാണിച്ചുകൊടുക്കാൻ അത് അവതരിപ്പിക്കുക -റിയ ഷിബു വ്യക്തമാക്കി.
