എ.ഐ മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടത്തിന് പരിഹാരം ‘റോബോട്ട് ടാക്സ്’; ധനമന്ത്രിയോട് ആർ.എസ്.എസ് അനുബന്ധ സംഘടന

AI

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ കടന്നുകയറ്റത്തോടെ ജോലി നഷ്‌ടപ്പെടുന്നവർക്ക് സഹായമായി ‘റോബോട്ട് ടാക്സ്’ കൊണ്ടുവരാൻ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനോട് ആവശ്യപ്പെട്ട് ആർ.എസ്.എസ് അനുബന്ധ സംഘടനയായ സ്വദേശി ജാ​ഗരൺ മഞ്ച് (എസ്‌.ജെ.എം.). കഴിഞ്ഞ മാസം നിർമലാ സീതാരാമനുമായി സാമ്പത്തിക വിദഗ്ധർ യോ​ഗം ചേർന്നിരുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വ്യവസായങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ നൽകണമെന്ന് എസ്‌.ജെ.എം യോ​ഗത്തിൽ നിർദേശിച്ചു.AI

‘എ.ഐ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് തങ്ങൾ എതിരല്ല. എന്നാൽ ഇത് ഹ്രസ്വകാലത്തേക്ക്, ചില വിഭാഗം ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും. ഒരു ‘റോബോട്ട് ടാക്സ്’ കൊണ്ടുവരുന്നതിലൂടെ തൊഴിലാളികളുടെ നൈപുണ്യം വർധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാനും സഹായിക്കുന്ന ഒരു ഫണ്ട് സൃഷ്ടിക്കാൻ സാധിക്കും.’- ജൂൺ 20ന് നടന്ന യോഗത്തിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്ധനും എസ്.ജെ.എമ്മിൻ്റെ ദേശീയ കോ-കൺവീനറുമായ അശ്വനി മഹാജൻ ദി ഹിന്ദുവിനോട് പറഞ്ഞു. മറ്റ് പല രാജ്യങ്ങളുടെയും പരി​ഗണനയിൽ ഇത്തരമൊരു നികുതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ.ഐ പരിവർത്തനത്തിന് എല്ലാ സമ്പദ്‌വ്യവസ്ഥകൾക്കും ധനപരമായ പ്രോത്സാഹനങ്ങൾ ആവശ്യമാണെന്ന് ജൂണിൽ ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) പുറത്തിറക്കിയ ഒരു പ്രബന്ധവും വാദിക്കുന്നു. എന്നാൽ ഇതിന് ലോകമെമ്പാടുമുള്ള നികുതി സംവിധാനങ്ങളിൽ കാര്യമായ മാറ്റം ആവശ്യമാണ്.

എ.ഐയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെയും വ്യാജ വാർത്തകളുടെയും അപകടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വർഷം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആളുകൾക്ക് തൊഴിൽ നഷ്ടപെടുകയും പകരം റോബോട്ടുകൾ ആ ജോലി ഏറ്റെടുക്കുകയും ചെയ്യുമെന്നത് ആശങ്കാജനകമായ കാര്യമാണ്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തൊഴിലില്ലായ്മ ഒരു പ്രധാന വിഷയമായിരുന്നു. സർക്കാർ ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചതാണ്. നികുതി നടപടികളിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് എസ്.ജെ.എം ആവശ്യപ്പെട്ടു.

ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനായി ചെറുകിട കർഷകർക്ക് അവരുടെ ഭൂമിയിൽ ആരംഭിക്കാവുന്ന മൈക്രോ ഇറിഗേഷൻ പദ്ധതികൾക്ക് സബ്‌സിഡി നൽകണം, 2013ലെ കമ്പനീസ് ആക്ടിൻ്റെ ഷെഡ്യൂൾ ഏഴിൽ ഉൾപ്പെടുത്തി ഈ സൂക്ഷ്മ ജലസേചന പദ്ധതികൾ സി.എസ്.ആർ മുഖേനയുള്ള ഫണ്ടിങിന് യോഗ്യമാക്കണം, ഒഴിഞ്ഞ ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് നികുതി ചുമത്തണം. തുടങ്ങിയ കാര്യങ്ങളും എസ്.ജെ.എം നിർ​ദേശിച്ചു.

നിർമലാ സീതാരാമനും നരേന്ദ്രമോദിയും കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി നിരവധി സാമ്പത്തിക വിദഗ്ധരുമായി ചർച്ചകൾ നടത്തുന്നുണ്ട്. പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജൂലൈ 22ന് ആരംഭിച്ച് ഓഗസ്റ്റ് 12ന് അവസാനിക്കും. ജൂലൈ 23ന് ബജറ്റ് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *