പ്രതാപകാലം ഓർമിപ്പിച്ച് ഓൾഡ് ട്രാഫോർഡിൽ റൂണിയുടെ ഫ്രീകിക്ക് ഗോൾ; വീഡിയോ വൈറൽ
ഓൾഡ് ട്രാഫോർഡിലെ ഗ്യാലറിയിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഒരു നിമിഷം പഴയകാല ഓർമകളിലേക്ക് സഞ്ചരിച്ചുകാണും. അലക്സ് ഫെർഗൂസൻ യുഗത്തിലെ ആ പ്രതാപകാലത്തേക്ക്. ചുവന്ന ചെകുത്താൻമാരുടെ ആ ഭൂതകാല സ്മരണകളിലേക്ക് കാണികളെ കൊണ്ടെത്തിച്ച സംഭവമെന്താണ്. ഇന്റർനാഷണൽ ഡ്യൂട്ടിയ്ക്കായി താരങ്ങൾ മടങ്ങിയ വേളയിൽ, പ്രീമിയർലീഗ് മത്സരങ്ങൾക്ക് അവധി നൽകിയ ഈ വീക്കെൻഡിൽ യുണൈറ്റഡ് തട്ടകത്തിൽ എന്താണ് സംഭവിച്ചത്.Rooney’s
ജീവകാരുണ്യ ഫണ്ട് സമാഹരണാർത്ഥം മാഞ്ചസ്റ്റർ യുണൈറ്റഡ് ലെജൻഡ്സ്-സെൽറ്റിക് ലെജൻസ് ടീമുകൾ ഏറ്റുമുട്ടുന്നു. ഓർമകൾ ഇരമ്പുന്ന മൈതാനത്ത് പഴയ പുലുകളെല്ലാം വീണ്ടും കളത്തിൽ. എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം ഒരാളിൽ. വെയിൻ റൂണി. ഇംഗ്ലണ്ടിന്റേയും യുണൈറ്റഡിന്റേയും ലെജൻഡറി ഫുട്ബോളർ. 38ാം വയസിൽ ഓൾഡ് ട്രാഫോർഡിൽ പന്തു തട്ടുമ്പോൾ പ്രായം അയാളെ തളർത്തിയിരുന്നു. പഴയ വേഗതയിൽ ഗ്രൗണ്ടിലൂടെ കുതിക്കാനായില്ലെങ്കിലും ഡ്രിബ്ലിങും ചടുലനീക്കങ്ങളുമായി പ്രതിഭയുടെ മിന്നലാട്ടങ്ങൾ ആരാധകർക്ക് കാണാനായി. എന്നാൽ തന്റെ ക്ലാസ് എന്താണെന്ന് അധികം വൈകാതെ അയാൾ തെളിയിച്ചു.
ആദ്യ പകുതിയിൽ യുണൈറ്റഡിന് അനുകൂലമായി ബോക്സിന് തൊട്ടുപുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക്. കിക്കെടുക്കാനെത്തിയത് വെയിൻ റൂണി. പ്രീമിയർലീഗിൽ ഒട്ടേറെതവണ ഇതേ പൊസിഷനിൽ നിന്ന് അയാളുടെ ഷോട്ടുകൾ ഗോൾവലയെ ചുംബിക്കുന്നത് ആരാധകർ നിരവധി തവണ കണ്ടതാണ്. വീണ്ടുമൊരു അവസരം. സ്വതസിദ്ധമായ ശൈലിയിൽ പിറകിൽ നിന്ന് ഓടിയെത്തി വലത്കാലുകൊണ്ട് അളന്ന്മുറിച്ച് ഉതിർത്ത ഷോട്ട് സെൽറ്റിക് പ്രതിരോധ മതിലിന് മുകളിലൂടെ പോസ്റ്റിന്റെ വലത് മൂലയിൽ തുളഞ്ഞുകയറി. ഗോൾകീപ്പർക്ക് കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളൂ. ആരാധകർ സമൂഹമാധ്യമങ്ങളിൽ ഇങ്ങനെ കുറിച്ചു. ക്ലാസ് ഈസ് പെർമിനന്റ്. വിന്റേജ് റൂണി ബാക്ക്. 2004ൽ യുണൈറ്റഡിനായി അരങ്ങേറിയ ആ പയ്യനെപോലെ അയാൾ ഓൾഡ് ട്രാഫോർഡിലെ ഗോൾ മതിമറന്നാഘോഷിച്ചു. മറ്റൊരു കൗതുകം കൂടിയുണ്ടായിരുന്നു ആ ഗോളിന്. രണ്ട് വർഷങ്ങൾക്കിപ്പുറം ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്് കുപ്പായത്തിൽ പിറന്ന ഫ്രീകിക്ക് ഗോൾ. അൽ-നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അവസാനമായി ക്ലബിനായി ഫ്രീകിക്ക് ഗോൾ നേടിയത്. അതിന് ശേഷം ആരാധകർക്കൊരു ഗോൾ കാണാൻ റൂണി വീണ്ടും ഇറങ്ങേണ്ടിവന്നു. സമൂഹമാധ്യമങ്ങളിൽ മനോഹര ഫ്രീകിക്ക് ഗോൾ തരംഗമായതോടെ ആരാധകരും താരത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തി.
മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സെൽറ്റിക് ലെജൻഡ്സ് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയെങ്കിലും ആ ഫ്രീകിക്ക് ഗോൾ ഇതിഹാസത്തെ അടയാളപ്പെടുത്തുന്നതായി. മത്സര ശേഷം ഗോൾനേട്ടത്തെ തമാശരൂപേണെയാണ് റൂണി പ്രതികരിച്ചത്. ആന്റോണിയോ വലൻസിയ, പോൾ സ്‌കോൾസ്, ഡാനി സിംപ്സൺ, മൈക്കൽ കാരിക്, ഡാരൻ ഫ്ളെച്ചർ, മൈക്കൽ സിൽവെസ്റ്റർ ഇതിഹാസതാരങ്ങളുടെ നീണ്ടുനിരയാണ് ചാരിറ്റി മാച്ചിൽ കളത്തിലിറങ്ങിയത്.
നിലവിൽ പ്ലൈമൗത്ത് ആർഗയിൽ ഫുട്ബോൾ ക്ലബിന്റെ പരിശീലകനാണ് റൂണി. 2003ൽ തന്റെ പതിനേഴാം വയസിൽ ദേശീയ ടീമിൽ ഇടംപിടിച്ച റൂണി രാജ്യത്തിനായി ഗോൾനേടുന്ന പ്രായംകുറഞ്ഞ താരമായിരുന്നു. ഇംഗ്ലണ്ട് ഫുട്ബോൾ ടീം മുൻ നായകനായ താരം 120 മത്സരങ്ങളിൽ നിന്നായി 53 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
2004ൽ റെക്കോർഡ് തുകക്ക് എവർട്ടനിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ റൂണി ക്ലബിനൊപ്പം പ്രീമിയർലീഗ്, ചാമ്പ്യൻസ് ലീഗ് അടക്കം 16 ട്രോഫികൾ സ്വന്തമാക്കിയിരുന്നു. റെഡ് ഡെവിൾസിന്റെ ഇതിഹാസതാരങ്ങളിലൊരാളായ ഇംഗ്ലീഷ് താരം എല്ലാ മത്സരങ്ങളിൽ നിന്നുമായി 253 ഗോളാണ് ക്ലബിനായി സ്‌കോർ ചെയ്തത്. 2018 മുതൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു.