‘എ.ഐ കാമറയിൽ 100 കോടി രൂപയുടെ അഴിമതി’; വി.ഡി സതീശൻ

തിരുവനന്തപുരം: എ.ഐ കാമറയിൽ 100 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കരാർ സംബന്ധിച്ച എല്ലാ കാര്യങ്ങളും വ്യവസായ വകുപ്പിന് അറിയാമായിരുന്നു. മാർക്കറ്റിലതിനെക്കാള്‍ ഉയർന്ന വിലയിലാണ് ട്രോയിസ് പ്രൊപ്പോസൽ വെച്ചതെന്നും 45 കോടിക്ക് ചെയ്യാവുന്നത്152 കോടിക്ക് കരാർ നൽകിയെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാ പിതാവ് പ്രകാശ് ബാബു എ.ഐ കാമറ കൺസോർഷ്യത്തിൻ്റെ യോഗത്തിൽ പങ്കെടുത്തിരുന്നെന്നും പിന്നീട് പ്രകാശ് ബാബുവിനെ സമീപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യവസായ മന്ത്രിയോ മുഖ്യമന്ത്രിയോ മറുപടി പറയണമെന്നും വി.ഡി സതീശൻ പറഞ്ഞു. മന്ത്രിക്കും സെക്രട്ടറിക്കും തട്ടിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ അറിയാമായിരുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തട്ടിപ്പുകൾ ഒക്ടോബർ 23ന് വ്യവസായ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം വ്യവസായ മന്ത്രി അറിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചു. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തത് പ്രസാഡിയോ കമ്പനിയാണ്, കറക്ക് കമ്പനികളാണ് കരാർ ഏറ്റെടുത്തിരിക്കുന്നതെന്നും സതീശൻ ആവർത്തിച്ചു.

കറക്ക് കമ്പനികൾ മാത്രം മതിയെന്ന് സർക്കാർ തന്നെ തീരുമാനിച്ചെന്നും കെ ഫോണിൻ്റെ എല്ലാ കരാറിലും അഴിമതിയുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അഴിമതി നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും യു.ഡി.എഫിന് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞ അദ്ദേഹം കോടതിയെ സമീപിക്കാൻ രാജീവിൻ്റെ ഉപദേശം വേണ്ടെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *