വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് ആര്‍.എസ്.എസ്; കേന്ദ്രത്തിന്റെ തിരക്കിട്ട നീക്കം എന്തിന്?

RSS did not demand lifting of ban;  Why the hasty move by the Centre?, വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് ആര്‍.എസ്.എസ്; കേന്ദ്രത്തിന്റെ തിരക്കിട്ട നീക്കം എന്തിന്?


ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ സംഘ്പരിവാര്‍ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതിനുണ്ടായിരുന്ന വിലക്ക് നീക്കിയത് ആര്‍.എസ്.എസ് ആവശ്യപ്പെട്ടല്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിനു മുന്നില്‍ ഇത്തരമൊരു ആവശ്യം ഉയര്‍ത്തിയിട്ടില്ലെന്ന് ആര്‍.എസ്.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ സംഘ്പരിവാര്‍ നേതാക്കള്‍ നിരന്തര വിമര്‍ശനമുയര്‍ത്തുന്നതിനിടെയാണു പുതിയ നീക്കമെന്നതു ശ്രദ്ധേയമാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സംഘ്പരിവാര്‍ ശാഖകളില്‍ പങ്കെടുക്കുന്നതിന് ഉള്‍പ്പെടെയുണ്ടായിരുന്ന വിലക്ക് നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് ഒരു ആര്‍.എസ്.എസ് വൃത്തം ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കിയത്. ഇതോടൊപ്പം അടുത്ത വര്‍ഷങ്ങളിലൊന്നും സംഘ് യോഗങ്ങളില്‍ പോലും ഇത്തരമൊരു വിഷയം ചര്‍ച്ചയ്ക്കു വന്നിട്ടില്ലെന്നും നേതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിലക്ക് നീക്കാന്‍ ആവശ്യപ്പെടില്ലെന്ന് നേരത്തെയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് വ്യക്തമാക്കിയിരുന്നു.

സംഘത്തെ തണുപ്പിക്കാനുള്ള നീക്കം?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിക്കു പിന്നാലെ സംഘ്പരിവാറില്‍നിന്ന് നിരന്തരം വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണു കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന തരത്തില്‍ വിലയിരുത്തല്‍ വരുന്നുണ്ട്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് മുതല്‍ സംഘ് പ്രസിദ്ധീകരണങ്ങളെ വരെ സര്‍ക്കാരിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഹന്തയ്‌ക്കേറ്റ തിരിച്ചടിയാണെന്ന തരത്തില്‍ വരെ വിമര്‍ശനമുണ്ടായി. ഇതോടൊപ്പം, യു.പിയില്‍ ഉള്‍പ്പടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാതെ വിട്ടുനിന്നെന്നും തെരഞ്ഞെടുപ്പ് വിലയിരുത്തലുണ്ടായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിക്കും ആര്‍.എസ്.എസ്സിനും ഇടയില്‍ ഉടലെടുത്ത അസ്വാരാസ്യം പരിഹരിക്കാനുള്ള മറുമരുന്നായാണു പുതിയ നീക്കത്തെ ബി.എസ്.പി അധ്യക്ഷ മായാവതി വിശേഷിപ്പിച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ക്കും ധാര്‍ഷ്ട്യത്തിനുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണു നടപടി. സര്‍ക്കാര്‍ നടപടി രാജ്യതാല്‍പര്യത്തേക്കാളും ആര്‍.എസ്.എസ്സിനെ തൃപ്തിപ്പെടുത്താനുള്ള രാഷ്ട്രീയപ്രേരിതമായൊരു നീക്കമാണിത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എപ്പോഴും ഭരണഘടനയ്ക്ക് അനുസരിച്ചാണു പ്രവര്‍ത്തിക്കേണ്ടത്. പലതവണ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ് എന്നു സൂചിപ്പിച്ച അവര്‍ തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


പത്തു വര്‍ഷം മോദി സര്‍ക്കാര്‍ ഇതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി ചോദിച്ചത്. സര്‍ക്കാര്‍ എല്ലാവര്‍ക്കും വേണ്ടിയാണു പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ നിഷ്പക്ഷരായിരിക്കണം. എല്ലാവരോടും തുല്യതയോടെ പെരുമാറുന്നവരാകണമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

‘ഭരണഘടന തിരുത്താനുള്ള നീക്കം ജനം തോല്‍പിച്ചപ്പോള്‍ പുതിയ വിദ്യ’

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിന് 58 വര്‍ഷമായി ഉണ്ടായിരുന്ന വിലക്കാണ് ഇപ്പോള്‍ മോദി എടുത്തുമാറ്റിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സ്വതന്ത്ര സ്ഥാപനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും കൈയേറാന്‍ വേണ്ടി മോദി ആര്‍.എസ്.എസിനെ ഉപയോഗിച്ചത് എല്ലാവര്‍ക്കും അറിയാം. ആര്‍.എസ്.എസ് വിലക്ക് നീക്കിയതോടെ സര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലും വിഭജനം സൃഷ്ടിക്കാനാണ് മോദി നോക്കുന്നത്. ഭരണഘടന തിരുത്താനുള്ള നീക്കം ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചതുകൊണ്ടാണ് ഇത്തരം ശ്രമങ്ങളെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.


സര്‍ക്കാര്‍ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നാണ് ബി.ജെ.ഡി അധ്യക്ഷനും ഒഡിഷ മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് പ്രതികരിച്ചത്. തീരുമാനം വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു.

ഭരണഘടനയെയും ദേശീയഗാനത്തെയും ദേശീയപതാകയെയും അംഗീകരിക്കാത്തതു കൊണ്ടാണ് ആര്‍.എസ്.എസ്സിനു നിരോധനം ഏര്‍പ്പെടുത്തിയിരുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു. രാജ്യത്തെക്കാളും പ്രധാനം ഹിന്ദുത്വയ്ക്കാണെന്ന് ഓരോ ആര്‍.എസ്.എസ് അംഗവും സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ആര്‍.എസ്.എസ് അംഗമായ സര്‍ക്കാര്‍ ജീവനക്കാരന് രാജ്യത്തോട് കൂറുണ്ടാകില്ലെന്നും ഉവൈസി പറഞ്ഞു.

പിന്‍വലിച്ചത് 58 വര്‍ഷം പഴക്കമുള്ള ഉത്തരവ്

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസിന്റെ ഭാഗമാകാന്‍ പാടില്ലെന്ന 58 വര്‍ഷം പഴക്കമുള്ള വിലക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നീക്കിയിരിക്കുന്നത്. 1966ലാണ് ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കാളികളാകരുതെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ 1948ല്‍ വെടിവച്ചുകൊന്നതിനു പിന്നാലെ ആര്‍.എസ്.എസിനെ നിരോധിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ സംഘവുമായി ബന്ധം പുലര്‍ത്തുന്നതു വിലക്കി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഉത്തരവ് പിന്നീട് പിന്‍വലിച്ചെങ്കിലും 1966ല്‍ വിലക്ക് പുനഃസ്ഥാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *