എൻ.എസ്.എസ് ക്യാമ്പിൽ ചരിത്രം പഠിപ്പിച്ച് ആർ.എസ്.എസ് നേതാവ്; ക്ലാസിൽ ഇരുന്ന വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകണമെന്ന് സി.പി.എം
ആറ്റിങ്ങൽ: എൻ.എസ്.എസ് ക്യാമ്പിൽ ചരിത്രം പഠിപ്പിക്കുവാൻ ആർ.എസ്.എസ് നേതാവ്. സംഭവം വിവാദത്തിൽ. നാഷണൽ സർവീസ് സ്കീം എല്ലാ വർഷവും കുട്ടികൾക്കായി അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. ക്രിസ്മസ് അവധിക്കാലത്ത് ആണ് ഈ വർഷവും ക്യാമ്പ് നടന്നത്. ആറ്റിങ്ങലിൽ നടന്ന നോബിൾ ഗ്രൂപ്പിന് കീഴിലെ ചിറയിൻകീഴ് ശാരദവിലാസം സ്കൂൾ വിദ്യാർത്ഥിനികളുടെ ക്യാമ്പിൽ ആണ് ആർ.എസ്.എസ് നേതാവിൻ്റെ ചരിത്ര പഠനം നടന്നത്. ആറ്റിങ്ങലിന്റെ പ്രാദേശിക ചരിത്രത്തെ കുറിച്ച് ആണ് ഇദ്ദേഹം കേസെടുത്തത്.
കൊലക്കേസ് പ്രതിയെ ഒളിവിൽ കഴിയുവാൻ അവസരം ഒരുക്കിയ വ്യക്തി കൂടിയാണ്. കണ്ണൂർ ധനരാജ് വധക്കേസിലെ സൂത്രധാരൻ എന്ന് പോലീസ് കണ്ടെത്തിയ പാറശ്ശാല പരശുവക്കൽ സ്വദേശി അജീഷ് കണ്ണൻ ചിറയിൻകീഴിൽ ഒളിവിൽ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ വീട്ടിൽ ആയിരുന്നു. ഇവിടെ നിന്നും ആറ്റിങ്ങലിലെ ആർ.എസ്.എസ് കാര്യാലയത്തിലേക്ക് വരുന്ന വഴിയാണ് കണ്ണൂരിൽ നിന്ന് എത്തിയ പോലീസ് സംഘം ചെറുവള്ളിമുക്കിൽ വെച്ച് അജീഷിനെ അറസ്റ്റ് ചെയ്യുന്നത്.
സംഭവത്തിൽ സി.പി.എം പ്രതിഷേധമറിയിച്ചിട്ടുണ്ട്. വർഗീയവാദിയെ കൊണ്ട് പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുപ്പിച്ച അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇദ്ദേഹത്തിൻറെ ക്ലാസിൽ ഇരിക്കേണ്ടി വന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകണമെന്ന് സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗം വിഷ്ണു ചന്ദ്രൻ ആവശ്യപ്പെട്ടു.
