റോഡരികിലെ നിർമാണങ്ങൾക്ക് ആർടിഎ അനുമതി നിർബന്ധം
ദുബായ് ∙ പാർപ്പിട കേന്ദ്രങ്ങൾക്കു മുന്നിലെ റോഡുകളോടു ചേർന്ന് താൽക്കാലിക നിർമാണങ്ങൾ, കൃഷി തുടങ്ങി സ്വകാര്യ വ്യക്തികൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ആർടിഎയുടെ മുൻകൂർ അനുമതി വേണം. അനുമതിയില്ലാതെ ടെന്റുകൾ നിർമിക്കുക, നോ പാർക്കിങ് ബോർഡ് സ്ഥാപിക്കുക, ടൈലുകൾ മാറ്റുക, വാഹനങ്ങൾ പാർക്ക് ചെയ്യുക തുടങ്ങിയവ നിരീക്ഷിച്ചു നടപടിയെടുക്കുമെന്നു ആർടിഎ അറിയിച്ചു. നിർമാണ സൈറ്റുകളിലെ വസ്തുക്കൾ റോഡിലേക്ക് ഇറക്കി വയ്ക്കുന്നതിനും ഇതേ നിയമം ബാധകമാണ്. നിരത്തുകളെ ബാധിക്കുന്ന നിർമാണങ്ങൾക്കെല്ലാം കർശന നിബന്ധന പാലിക്കണം.
വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കു വീടുകളോടു ചേർന്നു തമ്പുകൾ നിർമിക്കുമ്പോൾ റോഡ്, ഗതാഗത നിയമങ്ങൾ പാലിക്കണം. ആർടിഎ പെർമിറ്റ് ഇല്ലാതെ തമ്പടിക്കാൻ പാടില്ല. പാർപ്പിട കെട്ടിടങ്ങൾക്കും വില്ലകൾക്ക് മുന്നിലും വാഹനം പാർക്ക് ചെയ്യുന്നതു തടയാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും ഫുട് പാത്ത് നവീകരണത്തിനും പെർമിറ്റ് നേടണം.
സ്വകാര്യ വില്ലകളിലേക്കുള്ള നടപ്പാത നിർമാണവും ഇതിന്റെ പരിധിയിൽ വരും. ഭൂഗർഭജലം വലിച്ചടുക്കൽ, കെട്ടിട നിർമാണം, കെട്ടിടം തകർക്കൽ, റോഡിന്റെ ഏതെങ്കിലും ഭാഗം നിർമാണ ഭാഗമായി ഉപയോഗിക്കൽ, കെട്ടിടങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള പ്രത്യേക വഴി വെട്ടൽ, പൊതുപരിപാടിക്ക് റോഡ് അടയ്ക്കുക, പേ – പാർക്കിങ്ങിന് സ്ഥലം വേർതിരിക്കുക, താൽക്കാലിക ഭിത്തി സ്ഥാപിക്കുക തുടങ്ങിയ എല്ലാ പ്രവൃത്തികൾക്കും മുൻകൂർ അനുമതി വേണം. കൃഷി, ടെന്റ്, മജ്‌ലിസുകൾ, വേലി നിർമാണം എന്നിവയാണ് വ്യാപകമായി നടക്കുന്ന നിയമ ലംഘനങ്ങൾ.
പാർപ്പിട കേന്ദ്രങ്ങളോട് അനുബന്ധിച്ചാണ് ഇവ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. പല കയ്യേറ്റങ്ങളും ഗതാഗത തടസ്സമുണ്ടാക്കുന്നു, പ്ലാസ്റ്റിക് തൂണുകളും കോണുകളും വച്ച് വില്ലകൾക്ക് മുന്നിൽ പാർക്കിങ് പിടിച്ചു വയ്ക്കുന്നതും നിയമലംഘനമാണെന്ന് അധികൃതർ അറിയിച്ചു.