ശബരിമല സ്വർണക്കൊള്ള: പോറ്റി അടക്കം മൂന്നു പേരെ എസ്.ഐ.ടി കസ്റ്റഡിയിൽ ചോദ്യം ചെയ്തു
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ ഗോവർധൻ, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ കൊണ്ടുപോകുന്നു
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം മൂന്നുപേരെ എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർധൻ എന്നിവരെയാണ് ഒരു ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.
മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന ആവശ്യം കൊല്ലം വിജിലൻസ് കോടതി അനുവദിക്കുകയായിരുന്നു. പൊലീസ് ക്ലബിൽ ചോദ്യംചെയ്ത ശേഷം മൂവരെയും വൈകീട്ട് കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് അയച്ചു. സ്വർണാപഹരണത്തിൽ ഗൂഢാലോചന ഉൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഇവർക്ക് ഒരുപോലെ പങ്കുണ്ടെന്നും അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ എസ്.ഐ.ടി വ്യക്തമാക്കിയിരുന്നു.
സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട് ക്രിയേഷനിൽ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പാളികളിൽനിന്ന് ഉരുക്കിയെടുത്ത സ്വർണത്തിൽ പണിക്കൂലിയിനത്തിൽ കൈവശം വെച്ച 109.243 ഗ്രാം കമ്പനി ഉടമ പങ്കജ് ഭണ്ഡാരി ഒക്ടോബർ 25ന് ഹാജരാക്കിയിരുന്നു. കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരുടെ സഹായത്തിൽ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന് നൽകിയ 474.960 ഗ്രാം സ്വർണത്തിനു പകരമായി അതേ അളവിലുള്ള സ്വർണം ഗോവർധൻ തിരികെ ഒക്ടോബർ 24ന് ഹാജരാക്കി.
ഇന്നലത്തെ ചോദ്യം ചെയ്യലിൽ സ്വർണത്തിന്റെ അളവിലും മൂല്യത്തിലും കൂടുതൽ വ്യക്തത ലഭിച്ചെന്നാണ് സൂചന. എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അതേസമയം, കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. ശ്രീകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി.
