യുവതീ പ്രവേശനം: 'തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുന്നു'; രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ
പാലക്കാട്: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ ഉരുണ്ട് കളിക്കുകയാണെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് പറയുന്നവർ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാറിനെയും സതീശൻ രൂക്ഷമായി വിമർശിച്ചത്.
‘യുവതി പ്രവേശനത്തിന് അനുകൂലമായി നൽകിയ സത്യവാങ്മൂലം തിരുത്തുമോ എന്നതിൽ സർക്കാർ മറുപടി പറയുന്നില്ല. യുവതീ പ്രവേശനത്തെ പിന്തുയ്ക്കുന്നുണ്ടോ ഇല്ലയോ എന്നാണ് പറയേണ്ടത്. ആചാരം സംരക്ഷിക്കണം എന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്. സർക്കാറും പൊലീസും ഗൂഡാലോചന നടത്തിയാണ് ശബരിമലയിൽ രണ്ടു യുവതികളെ കൊണ്ടുവന്നതെന്ന്’ വി.ഡി. സതീശൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന്റ പേരിൽ വൻ തട്ടിപ്പാണ് സർക്കാർ നടത്തിയത്. കൂടാതെ നവകേരള സർവെയുടെ പേരിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നൽകാൻ ശ്രമിച്ചത് ഖജനാവിലെ പണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ അവകാശപ്പെടുന്ന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ നടത്തിയ ശ്രമമാണ് നവകേരള സർവെ. സർവെ നിയമവിരുദ്ധമാണെന്നും നിർത്തിവെക്കണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. സർവെയ്ക്ക് പണം എടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചടക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ പത്ത് വർഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ കേരളം നന്നാക്കുന്നതിനുള്ള സർവെ നടത്തേണ്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു.
