ഭക്ഷണം പോലും നല്‍കാതെ വീട്ടുജോലി ,രാത്രിയില്‍ പീഡനം; 17കാരിയെ ക്രൂരമായി ഉപദ്രവിച്ച ദമ്പതികള്‍ അറസ്റ്റില്‍
ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തതിന് അറസ്റ്റിലായ ഗുരുഗ്രാം ദമ്പതികളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അതേസമയം പെൺകുട്ടി ജോലി ചെയ്തിരുന്ന പ്ലെയ്‌സ്‌മെന്‍റ് ഏജൻസിക്കായി പൊലീസ് വ്യാഴാഴ്ച തിരച്ചിൽ ആരംഭിച്ചു.ന്യൂ കോളനിയിൽ താമസിക്കുന്ന മനീഷ് ഖട്ടർ (36), ഭാര്യ കമൽജീത് കൗർ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
യുവതി ജോലി ചെയ്തിരുന്ന പബ്ലിക് റിലേഷൻസ് ഏജൻസിയും അവരുടെ ഭർത്താവ് ജോലി ചെയ്തിരുന്ന ഇൻഷുറൻസ് കമ്പനിയും ദമ്പതികളെ പിരിച്ചുവിട്ടതായി ട്വിറ്ററിലൂടെ അറിയിച്ചു. വ്യാഴാഴ്ച ഡൽഹിയിലെ ജാർഖണ്ഡ് ഭവനിലെ ഒരു ഉദ്യോഗസ്ഥനും പെൺകുട്ടിയെ കാണാൻ സിവിൽ ഹോസ്പിറ്റലിൽ എത്തിയിരുന്നുവെന്ന് ആരോഗ്യ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. റാഞ്ചിയിൽ നിന്നുള്ള പെൺകുട്ടിയെ ഒരു പ്ലെയ്‌സ്‌മെന്‍റേ ഏജൻസി വഴി ദമ്പതികൾ വാടകയ്‌ക്കെടുക്കുകയും കഠിനമായി ജോലി ചെയ്യിക്കുകയും ദിവസവും മര്‍ദിക്കുകയും ചെയ്തുവെന്ന് സഖി കേന്ദ്രത്തിന്‍റെ ചുമതലയുള്ള പിങ്കി മാലിക് നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ കൈകളിലും കാലുകളിലും വായിലും നിരവധി മുറിവുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതുപോലെ പെൺകുട്ടിക്ക് 17 വയസ്സാണെന്നും 14 വയസ്സല്ലെന്നും എഫ്‌ഐആറിൽ പറയുന്നു. ദമ്പതികള്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്നും രാത്രി ഉറങ്ങാന്‍ സമ്മതിക്കാറില്ലെന്നും പൊലീസ് പറയുന്നു. പലപ്പോഴും ഭക്ഷണം പോലും കൊടുക്കാറില്ല. അഞ്ച് മാസം മുമ്പ് അമ്മാവന്‍ ഖട്ടറിന്‍റെ ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിക്കുന്ന ഫ്‌ളാറ്റിൽ തന്നെ ഉപേക്ഷിച്ചുവെന്ന് കുട്ടി പറഞ്ഞതായി എഫ്‌ഐആറിൽ പറയുന്നു. ചൂടാക്കിയ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുകയും ചെയ്തിരുവെന്നാണ് ആരോപണം.ഖട്ടർ അവളെ നഗ്നയാക്കുകയും അവളുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് എഫ്‌ഐആർ പറയുന്നു.സ്വന്തം വീട്ടുകാരോട് പോലും സംസാരിക്കാന്‍ കുട്ടിയെ അനുവദിച്ചിരുന്നില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323 (വ്രണപ്പെടുത്തൽ), 342 (തെറ്റായ തടവ്), 34 (പൊതു ഉദ്ദേശ്യം), ജുവനൈൽ ജസ്റ്റിസ് ആക്ട്, ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ കുട്ടികളുടെ സംരക്ഷണം (പോക്സോ) എന്നീ വകുപ്പുകൾ പ്രകാരമാണ് ദമ്പതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ പുനരധിവാസത്തിന് പിന്തുണ നൽകണമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസ് ഹരിയാന മുഖ്യമന്ത്രിയുടെ ഓഫീസിനോടും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോടും ആവശ്യപ്പെട്ടു.