ശബരിമല യുവതീ പ്രവേശനം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നിലപാട് മാറ്റം വി.ഡി. സതീശൻ



തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലം തിരുത്താൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ സി.പി.എമ്മും സർക്കാറും പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് വി.ഡി. സതീശൻ. സർക്കാറും സി.പി.എമ്മും ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. തങ്ങൾ നവോത്ഥാനികളാണെന്നാണ് അന്ന് പറഞ്ഞത്. ആചാരാനുഷ്ടാനങ്ങളിൽ മാറ്റം വരുത്തരുതെന്ന് പറഞ്ഞപ്പോൾ കോൺഗ്രസുകാർ പിന്തിരിപ്പൻന്മാരാണെന്നാണ് സി.പി.എം അന്ന് പറഞ്ഞവാദം.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നിലപാട് മാറ്റമാണ് ഇപ്പോൾ കാണുന്നത്. മുമ്പ് തീരുമാനം മാറ്റിയിരുന്നെങ്കിൽ ഇത്തരം കുഴപ്പങ്ങൾ ഉണ്ടാക്കില്ലായിരുന്നു. പൊലീസിനെ ഉപയോഗിച്ച് യുവതികളെ പ്രവേശിപ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാറിന് വേഗതകൂടിയിട്ടുണ്ട്. മന്ത്രിസഭ യോഗങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നു. തലങ്ങും വിലങ്ങും ഉദ്ഘാടനങ്ങൾ നടത്തുന്നുവെന്നും വി.ഡി. സതീശൻ പരിഹസിച്ചു. സർക്കാർ യുവതി പ്രവേശനത്തിന് എതിരല്ലെങ്കിൽ പിന്നെ എന്തിനായിരുന്നു നവോത്ഥാന സമിതിയും വനിതാ മതിലും ഉണ്ടാക്കിയതെന്ന് സതീശൻ ചോദിച്ചു. 10 വർഷമുണ്ടായിട്ടും തെരഞ്ഞെടുപ്പ് അടുത്ത ദിവസത്തിൽ അവസാനത്തെ മന്ത്രിസഭ യോഗത്തിലാണോ സത്യവാങ്മൂലം തീരുത്താൻ തീരുമാനിച്ചതെന്നും ജനങ്ങളെ ഭയന്നാണ് നിലപാട് മാറ്റമെന്നും അദ്ദേഹം ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയമറിഞ്ഞ ഇടതുപക്ഷം നിലപാടു മാറ്റം വോട്ടിനു വേണ്ടിയുള്ളതാണെന്നും വി.ഡി. സതീശൻ പറഞ്ഞു.