കഴിഞ്ഞ മേയിൽ ഇ.ഡി ചില രേഖകൾ ആവശ്യപ്പെട്ടിരുന്നു, എല്ലാം ഹാജരാക്കുകയും ചെയ്തു; കിറ്റെക്സിനെതിരായ ആരോപണത്തിൽ സാബു എം.ജേക്കബ്
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)നോട്ടീസ് ലഭിച്ച കാര്യം സമ്മതിച്ച് കിറ്റെക്സ് എം.ഡിയും ട്വന്റി20 കോ- ഓഡിനേറ്ററുമായ സാബു എം.ജേക്കബ്. ഇ.ഡിയെ പേടിച്ചാണ് സാബു ജേക്കബിന്റെ എൻ.ഡി.എ പ്രവേശനമെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കിറ്റെക്സ് ഒരു ക്രമക്കേടും നടത്തിയിട്ടില്ല. കണക്കുകൾ എല്ലാം സുതാര്യമാണ്. ഇ.ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ട്. നിയമപരമായും സെബി നിയന്ത്രണം അനുസരിച്ചും പ്രവർത്തിക്കുന്ന കമ്പനിയാണ് കിറ്റെക്സ്. ഇതുസംബന്ധിച്ച് ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചു.
കിറ്റെക്സിന് ഒരുലക്ഷത്തിലേറെ ഷെയർ ഹോൾഡേഴ്സുണ്ട്. കമ്പനി കൃത്യമായ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നുമുണ്ട്. എന്തെങ്കിലും നിയമലംഘനമുണ്ടായാൽ അടച്ചുപൂട്ടേണ്ടിവരും. ഓഹരി ഉടമകൾ അക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. 33 വർഷമായി ഇക്കാര്യങ്ങളെല്ലാം കൃത്യമായി നടന്നുപോകുന്നുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.
ഒരു കമ്പനി പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായും നിരധി നോട്ടീസുകൾ വരും. ഒരു പെനാൽറ്റി പോലും കിറ്റെക്സിന് മേൽ ഉണ്ടായിട്ടില്ല. മൂന്നുതവണ ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടുവെന്നത് ശുദ്ധനുണയാണ്. താൻ ഒരു ഡോളറിന്റെയെങ്കിലും ഫെമ ചട്ടലംഘനം നടത്തിയെന്ന് തെളിയിച്ചാൽ 100 കോടി രൂപ അങ്ങോട്ടു തരാമെന്നും സാബു ജേക്കബ് വെല്ലുവിളിച്ചു.
വ്യാജ വാർത്തകൾ കൊടുത്തവരെ വെറുതെ വിടില്ല. അവർക്കെതിരെ ഉടൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ടെലികോം മന്ത്രാലയത്തിനും ഇതുസംബന്ധിച്ച് നോട്ടീസ് നൽകുമെന്നും സാബു ജേക്കബ് വ്യക്തമാക്കി. മാത്രമല്ല, വ്യാജ വാർത്ത നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകുമെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.
