തകർപ്പൻ ഫോമിൽ സലാഹ്; ബാലൺ ദ്യോർ സ്വപ്നം കാണാറായോ?
ഇയാളെക്കുറിച്ച് ഇനിയും എന്ത് പറയാനാണ്… ഇന്നലെ ബോൺമൗത്തിനെതിരെ നാം കണ്ടതും ഇതുവരെ കണ്ട ദൃശ്യങ്ങളുടെ ആവർത്തനങ്ങൾ മാത്രം. ¬സലാഹിന്റെ ഗോളിൽ ലിവർപൂളിന് ജയം എന്നത് ഈ സീസൺ തുടക്കം മുതൽ കേൾക്കുന്ന ഒരു വാർത്തയാണ്. കാലം തീർന്നെന്ന് വിധികുറിക്കാൻ കാത്തിരുന്നവരെയെല്ലാം ഇനിയൊരു സംശയത്തിനും ഇടമില്ലാത്ത വിധം അയാൾ തിരുത്തുന്നു.Salah
ഇംഗ്ലണ്ടിലെ തീരദേശ ഗ്രാമമായ ബോസ്കോമ്പിലെ ബോൺമൗത്തിന്റെ സ്റ്റേഡിയത്തിലേക്ക് ലിവർപൂൾ വന്നത് ലീഗിലെ ആധിപത്യമുറപ്പിക്കാനായിരുന്നു. പക്ഷേ ബൗൺമൗത്ത് ലിവർപൂളിനെ ശരിക്കും ഞെട്ടിച്ചു. ഹോം ഗ്രൗണ്ടിന്റെ അഡ്വാന്റേജുമായി കളത്തിലിറങ്ങിയ ബോൺമൗത്ത് ആദ്യ മിനിറ്റ് മുതൽ തുടങ്ങിയ ആക്രമണങ്ങളിൽ ലിവർപൂൾ പലകുറി പതറി. പക്ഷേ ഭാഗ്യമെന്ന് വിളിക്കാവുന്ന നിമിഷങ്ങൾ ലിവർപൂളിനൊപ്പമായിരുന്നു. പ്രതിരോധത്തെയും അലിസണെയും ഭേദിച്ച് പോയ രണ്ട് ഷോട്ടുകൾ ക്രോസ് ബാറിലുടക്കിയാണ് അവസാനിച്ചത്. മറ്റുചിലപ്പോൾ അലിസണിന്റെ ജാഗ്രതയും തുണയായി.
25ാം മിനുറ്റിൽ കോഡി ഗാക്പോ ബോൺമൗത്ത് ബോക്സിൽ വീണതിന് പിന്നാലെ ലിവർപൂളിനെത്തേടി പെനൽറ്റിയെത്തി. അത് പെനൽറ്റിയാണോ അല്ലയോ എന്ന വിഷയത്തിൽ ചർച്ച നടക്കുന്നു. വിഷയത്തിൽ പരാതി നൽകുമെന്ന് ബോൺമൗത്ത് പരിശീലകൻ ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. എന്തുതന്നെയായാലും സലാഹിന് അതൊരു അനായാസ പെനൽറ്റിയായിരുന്നു. തന്റെ പതിവ് ശൈലിയിൽ ഇടതുകാലുകൊണ്ട് ബോക്സിന്റെ മൂലയിലേക്ക്. ഗോൾകീപ്പർക്ക് ഒന്നും ചെയ്യാനില്ലാത്ത ഒരു പെർഫെക്ട് കിക്ക്.
നൈൽ നദിയുടെ നാട്ടിൽ നിന്നും മേഴ്സി നദിയുടെ തീരത്തെത്തിയ മുഹമ്മദ് സലാഹിന്റെ പേരിൽ സീസണിൽ കുറിക്കപ്പെട്ട 20ാം ഗോളായിരുന്നു അത്. അഞ്ചുസീസണുകളിൽ 20 ഗോൾ കുറിക്കുന്ന പ്രീമിയർ ലീഗിലെ അഞ്ചാമത്തെ മാത്രം താരം. അലൻ ഷിയറർ, സെർജിയോ അഗ്യൂറോ, ഹാരികെയ്ൻ, തിയറി ഹെൻട്രി എന്നീ അതികായർ മാത്രമിരിക്കുന്ന ഇടത്തേക്കാണ് സലാഹും കസേര വലിച്ചിട്ടത്.
വെറും 23 ലീഗ് മത്സരങ്ങളിൽനിന്നുമാണ് സലാഹ് 20 ഗോളും പിന്നിട്ട് പറക്കുന്നത്. സലാഹിന്റെ കരിയർ ബെസ്റ്റായി പറയപ്പെടുന്ന 2017-18ൽ പോലും നേടാനാകാത്ത വേഗത്തിലാണ് അദ്ദേഹം കുതിക്കുന്നത്. അന്ന് 25 മത്സരങ്ങൾ വേണ്ടി വന്നെങ്കിൽ ഇന്ന് അതിനേക്കാൾ വേഗം.
ആദ്യ ഗോൾ പെനൽറ്റിയുടെ ആനുകൂല്യത്തിലായിരുന്നുവെങ്കിൽ 75ാം മിനുറ്റിൽ സലാഹ് കുറിച്ച രണ്ടാം ഗോളിന് സ്വന്തം പ്രതിഭയുടേതല്ലാത്ത മറ്റൊരു ആനുകൂല്യവുമുണ്ടായിരുന്നില്ല. ടൈഗർ വുഡ്സിന്റെ ഗോൾഫ് ഷോട്ടുകളെ ഓർമിപ്പിക്കുന്ന വിധമുള്ള മാന്ത്രിക ഫിനിഷ്. ബോൺമൗത്തിന്റെ വട്ടമിട്ടുന്ന പ്രതിരോധ നിരയെയും ഗോൾകീപ്പർ അരിസബ്ലാങ്കയെയും സാക്ഷിയാക്കി ബോക്സിന്റെ വലതുമൂലയിൽ നിന്നും തൊടുത്ത പന്ത് വലയിലേക്ക് പറന്നിറങ്ങുമ്പോൾ അയാളൊരിക്കൽ കൂടി നെഞ്ചുവിരിച്ചുനിന്നു. ലീഗല്ലാത്ത മത്സരങ്ങൾകൂടി പരിഗണിച്ചാൽ ഗോളടിക്കുന്നതിൽ മാത്രമല്ല, അസിസ്റ്റിലും മുന്നിൽ. ഇതുവരെ സഹതാരങ്ങൾക്കായി പങ്കുവെച്ചത് 13 അസിസ്റ്റുകളാണ്. ഗോളിലും അസിസ്റ്റിലും മുന്നിലെത്തി സുവർണപാദുകത്തിൽ ചുംബിക്കുകയെന്ന മനോഹര നേട്ടം സലാഹിനെ മാടിവിളിക്കുന്നു. അതിനിടയിൽ പ്രീമിയർ ലീഗിലെ 178ാം ഗോളുമായി എക്കാലെത്തെയും ഗോൾവേട്ടക്കാരിൽ ഫ്രാങ്ക് ലാംപാർഡിനെയും മറികടന്നു.
കളത്തിലെ കാര്യങ്ങളൊക്കെ റെഡിയാണെങ്കിലും പേപ്പറിലെ കാര്യങ്ങൾ സലാഹിന് ഇനിയും ക്ലിയറായിട്ടില്ല. കരിയർ ബെസ്റ്റ് ഫോമിൽ കളിക്കുന്നുണ്ടെങ്കിലും പുതിയ കരാർ ഇനിയും ക്ലബ് നൽകിയിട്ടില്ല. അൽഹിലിാലിൽ നെയ്മർ പോയ ശൂന്യതയിലേക്ക് പൊന്നും വിലക്ക് സലാഹ് പറന്നിറങ്ങുമെന്ന റിപ്പോർട്ടുകൾ തലങ്ങും വിലങ്ങും പറക്കുന്നുണ്ട്. അറബ് സ്വത്വം കൂടിയുള്ള സലാഹിനായി അൽഇത്തിഹാദ് നേരത്തേ 150 മില്യൺ യൂറോ പറഞ്ഞിരുന്നെങ്കിലും ആൻഫീഡിൽ തന്നെ തുടരുകയായിരുന്നു. പുതിയ സാഹചര്യത്തിൽ സലാഹിനായി എത്ര പണം വേണമെങ്കിലും നൽകാൻ ക്ലബുകൾ സന്നദ്ധമാണ്. സൗദി സ്പോർട്സ് മിനിസ്റ്റർ പ്രിൻസ് അബുലസീസ് തുർക്കി അൽ ഫൈസൽ അടക്കം ഈ ആഗ്രഹം തുറന്നുപറഞ്ഞു.
ക്ലോപ്പിന്റെ മാനസപുത്രനായി അറിയപ്പെട്ടിരുന്ന സലാഹ് സ്ളോട്ടിന്റെയും വിളികൾക്കുത്തരം നൽകിയവനാണ്. Everyone wants him, including us. We want him to stay എന്നാണ് ബോൺമൗത്തുമായുള്ള മത്സരത്തിന് മുമ്പായി സ്ളോട്ട് സലാഹിനെക്കുറിച്ച് പറഞ്ഞത്.
ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും ഒന്നാം സ്ഥാനക്കാരായി ആശങ്കകളില്ലാത്ത വിധം മുന്നേറുന്നു. ലിവർപൂളും സലാഹും ഒരു സ്വപ്നത്തിലേക്കുള്ള ഓട്ടത്തിലാണ്. ആൻഫീൽഡിന്റെ ആകാശത്ത് ചുവപ്പ് നിറങ്ങൾ പടരുന്ന രാവുറങ്ങാത്ത ദിവസങ്ങൾ ആരാധകർ സ്വപ്നം കണ്ടുറങ്ങുകയാണ്. അതിനോടൊപ്പം ബാലൺ ദ്യോറെന്ന സിഹാസനം സലാഹും കിനാവ് കാണുന്നു.
2019ലും 2022ലും ബാലൺ ദ്യോർ പട്ടികയിൽ അഞ്ചാമനായ സലാഹ് ഇക്കുറി സാധ്യതകളിൽ ഒന്നാമനാണ്. ഇതുവരെ വെളിച്ചം കണ്ട സാധ്യത പട്ടികകളിലെല്ലാം അയാൾ ഒന്നാമതുണ്ട്. 1995ലെ ജോർജ് വിയ്യക്ക് മുമ്പോ അതിന് ശേഷമോ ആഫ്രിക്കയിൽ നിന്നുമൊരാൾ ബാലൺ ദ്യോറിൽ തൊട്ടിട്ടില്ല. സലാഹ് രണ്ടാമനാകുമോ? മാസം ഫെബ്രുവരിയായതേയുള്ളൂ. ഒാടാൻ ഇനിയുമൊരുപാട് ദൂരം ബാക്കിയുണ്ട്.