വന്ദേമാതരം അടിച്ചേൽപ്പിക്കൽ: സംഘ്പരിവാറിന്റെ സാംസ്കാരിക ദേശീയതയെ പൗരാവകാശം കൊണ്ട് പ്രതിരോധിക്കണം -സോളിഡാരിറ്റി



തിരുവനന്തപുരം: സംഘ്പരിവാറിന്റെ സാംസ്കാരിക ദേശീയതയെ ഭരണഘടനാപരമായ പൗരാവകാശം കൊണ്ട് പ്രതിരോധിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട്. ദേശീയഗാനമായ ‘ജനഗണമന’യെ അപ്രസക്തമാക്കി, സവർണ ഹൈന്ദവ ബിംബങ്ങൾ ആവാഹിച്ച ‘വന്ദേമാതര’ത്തെ പൊതുയിടങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം ഇന്ത്യയുടെ ബഹുസ്വരതക്കും ഭരണഘടനാ മൂല്യങ്ങൾക്കും നേരെയുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണ്. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംഘ്പരിവാർ നടത്തുന്ന ഈ സാംസ്കാരിക അധിനിവേശത്തെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം തെരുവിൽ തള്ളേണ്ടതുണ്ടെന്നും തൗഫീഖ്‌ മമ്പാട് പറഞ്ഞു.

ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിഗ്രഹാരാധനാ സങ്കൽപങ്ങളെയും വിശ്വാസങ്ങളെയും ദേശീയതയുടെ മുഖപടമിട്ട് പൗരന്മാരുടെ മേൽ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്നത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ്. രാജ്യത്തിന്റെ ഔദ്യോഗിക ഗാനമെന്ന നിയമപരിരക്ഷ പോലുമില്ലാത്ത കൃതിയെ സ്കൂളുകളിലും പൊതുയിടങ്ങളിലും നിർബന്ധമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിയമപരമായ യാതൊരു അധികാരവുമില്ല. ഇത് ശുദ്ധമായ ഫാസിസ്റ്റ് തിട്ടൂരമാണ്. ഈ ഭരണഘടനാ വിരുദ്ധ നീക്കത്തിന് മുന്നിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ കേവലമായ വിയോജിപ്പിലൊതുങ്ങാതെ, ഈ ഉത്തരവ് കേരളത്തിൽ നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാട് പ്രഖ്യാപിക്കാൻ രാഷ്ട്രീയ ആർജവം കാണിക്കണം -സോളിഡാരിറ്റി ആവശ്യപ്പെട്ടു.

ഭരണഘടനാ വിരുദ്ധമായ കേന്ദ്ര തിട്ടൂരങ്ങളെ തള്ളിക്കളയാൻ സർക്കാർ നട്ടെല്ല് നിവർത്തി നിൽക്കേണ്ട സമയമാണിത്. ഫാസിസ്റ്റ് അജണ്ടകൾക്ക് വിനീതവിധേയരായി വഴിമാറിക്കൊടുക്കുന്നതിന് പകരം, മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും കാവലാളാകാൻ ഭരണകൂടം തയാറാവണം.
കേന്ദ്രത്തിന്റെ ഇത്തരം ഏകാധിപത്യ തീരുമാനങ്ങളെ അംഗീകരിക്കില്ലെന്ന് കേരളം പ്രഖ്യാപിക്കണം. ജനാധിപത്യം അന്ത്യശ്വാസം വലിക്കാൻ അനുവദിക്കാത്ത എല്ലാ വിഭാഗം ജനങ്ങളും ഈ സാംസ്കാരിക അധിനിവേശത്തിനെതിരെ അണിനിരക്കണമെന്നും സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട് കൂട്ടിച്ചേർത്തു.