സന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ

സിലപത്തർ (അസം): ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് കേരളം സെമിയിൽ. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നാട്ടുകാരുടെ ആരവങ്ങൾക്കു മധ്യേ കളിക്കാനിറങ്ങിയ അസമിന്റെ വലയിൽ ഇരുപകുതികളിലുമായി കേരളം ഗോളുകൾ അടിച്ചു കയറ്റിയാണ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്.
മത്സരത്തിൽ പൂർണാധിപത്യവും കേരളം പുലർത്തി. വ്യാഴാഴ്ച്ച നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളം 17-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. കോർണറിൽ നിന്ന് ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിച്ച് ക്യാപ്റ്റൻ എം. മനോജാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ (45′) മുഹമ്മദ് അജ്സലിലൂടെ കേരളം രണ്ടാം ഗോളും കണ്ടെത്തി. മനോഹരമായ ഒരു ടീം ഗെയിമിനൊടുവിലായിരുന്നു ഈ ഗോൾ.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധക്കോട്ടയും ഗോൾകീപ്പർ ഹജ്മലും ഉറച്ചുനിന്നു. മത്സരത്തിന്റെ ഇൻജുറി ടൈമിൽ (92′) സജീഷിന്റെ പാസിൽ നിന്നും അബൂബക്കർ ദിൽഷാദ് കേരളത്തിന്റെ മൂന്നാം ഗോൾ നേടി പട്ടിക തികച്ചു.
തമിഴ്നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) പരാജയപ്പെടുത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് പഞ്ചാബുമായുള്ള സെമി പോരാട്ടം നിർണായകമാകും. മറ്റൊരു ക്വാർട്ടറിൽ രാജസ്ഥാനെ തോൽപ്പിച്ച റെയിൽവേസും സെമിയിൽ കടന്നിട്ടുണ്ട്.
