ഇന്ത്യൻ എണ്ണക്കമ്പനി നയാരക്കുള്ള എണ്ണ വിതരണം നിർത്തി സൗദി അരാംകോ

Saudi Aramco stops oil supply to Indian oil company Naira

 

റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കുള്ള എണ്ണ വിതരണം സൗദി അരാംകോ നിർത്തി. ഇറാഖ് എണ്ണക്കമ്പനി സൊമോ(SOMO)യും ഇന്ത്യയിലേക്കുള്ള വിതരണം നിർത്തിയിട്ടുണ്ട്. നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ ഉപരോധത്തിന് പിന്നാലെയാണ് നടപടി. ജൂലൈ മാസത്തിന് ശേഷം ഇന്ത്യയിലേക്ക് വിതരണം നടത്തിയില്ലെന്ന് ഷിപ്പിങ് രേഖകൾ വ്യക്തമാക്കുന്നു. മൂന്ന് ലക്ഷം ബാരലാണ് സൗദിയും ഇറാഖും ഇന്ത്യയിലെത്തിച്ചിരുന്നത്.

ജൂലൈയിൽ യൂറോപ്യൻ യൂണിയൻ റഷ്യൻ പിന്തുണയുള്ള ഇന്ത്യൻ റിഫൈനറി നയാര എനർജിക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുക്രൈൻ യുദ്ധം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനി സൗദി അരാംകോയും, ഇറാഖിന്റെ സൊമോയും നയാരയ്ക്ക് ക്രൂഡ് ഓയിൽ വിതരണം നിർത്തിയത്. ഷിപ്പിങ് രേഖകളടക്കം ചൂണ്ടിക്കാട്ടി റോയിട്ടേഴ്‌സ് ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഷിപ്പിംഗ് ഡാറ്റ പ്രകാരം, ജൂലൈ 18-നാണ് അവസാനമായി നയാരക്ക് സൗദിയിൽ നിന്ന് എണ്ണ ലഭിച്ചത്. ഇറാഖിൽ നിന്ന് രണ്ട്, സൗദിയിൽ നിന്ന് ഒരു ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് നയാരക്ക് ലഭിച്ചിരുന്നത്.

നയാര എനർജിയിൽ റഷ്യൻ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന് 49.13% ഓഹരി ഉണ്ട്. ഈ വരുമാനം റഷ്യൻ ഭരണകൂടത്തിന് ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു യൂറോപ്യൻ യൂണിയൻ ഉപരോധം. ഇതോടെ ആഗസ്റ്റിൽ നയാര, റഷ്യയിൽ നിന്ന് മാത്രമാണ് എണ്ണ ഇറക്കുമതി ചെയ്തത്.

ഗുജറാത്തിലെ നയാര റിഫൈനറിയിൽ പ്രതിദിനം നാല് ലക്ഷം ബാരലാണ് ക്രൂഡ് ഓയിൽ ശുദ്ധീകരണം. 6600 ഇന്ധന പമ്പുകളിലൂടെ ഇന്ത്യയിലെ ഏഴ് ശതമാനം ഊർജ ആവശ്യമാണ് നയാര നികത്തുന്നത്. സൗദി അരാംകോ ഉൾപ്പെടെ വിതരണം നിർത്തിയതോടെ നിലവിൽ ആകെ ശേഷിയുടെ 60-70% വരെ ശേഷിയിൽ മാത്രമാണ് നയാരയുടെ ഇന്ധന വിതരണം. ഉപരോധം കാരണം വൻകിട ഷിപ്പിങ് ലൈനുകൾ ചരക്കു കപ്പൽ നൽകില്ല. ഇതിനാൽ അംഗീകൃതമല്ലാത്ത ഷിപ്പിങ് ലൈനുകൾ വഴിയാണ് സാധാരണ ഇത്തരം ഘട്ടങ്ങളിൽ എണ്ണക്കമ്പനികൾ ആവശ്യം നികത്തുക. എന്നാൽ ഇത് ചിലവേറിയതാണ്. ഇത് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *