റമദാനിൽ 61 രാജ്യങ്ങളിലേക്ക് ഇഫ്താർ പദ്ധതിയുമായി സൗദി; ഒരു മില്യണിലധികം പേർക്ക് പ്രയോജനം
റിയാദ്: റമദാന്റെ ഭാഗമായി സൗദി ഇത്തവണ 61 രാജ്യങ്ങളിൽ ഇഫ്താർ പദ്ധതി നടപ്പാക്കും. കിംഗ് സൽമാൻ ഇഫ്താർ പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രവർത്തനങ്ങൾ. പത്തു ലക്ഷത്തിലേറെ പേർക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക. വിദേശ സൗദി എംബസികളിലെ റിലീജിയസ് അറ്റാഷേകൾ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിനായി മാറ്റിവെച്ച തുകകൾ ബന്ധപ്പെട്ട രാജ്യങ്ങളിലേക്കെത്തിക്കാനുള്ള നടപടികൾ നിലവിൽ പൂർത്തിയായിട്ടുണ്ട്. ഏറ്റവും ഗുണ നിലവാരത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും ഇസ്ലാമിക മന്ത്രാലയം അറിയിച്ചു.Saudi
കൂടാതെ, റമദാന്റെ ഭാഗമായി 700 ടൺ ഈന്തപ്പഴവും കയറ്റി അയക്കും. 102 രാജ്യങ്ങളിലേക്കായിരിക്കും ഈന്തപ്പഴം സൗജന്യമായി എത്തിക്കുക. കസ്റ്റോഡിയൻ ഓഫ് ടു ഹോളി മോസ്ഖ്സ് ഗിഫ്റ്റ് പ്രോഗ്രാം ഫോർ പ്രൊവൈഡിംഗ് ഡേറ്റ്‌സ് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണിത്. ഇസ്ലാമിക് അഫയേഴ്‌സിന്റെ നേതൃത്വത്തിലായിരിക്കും വിതരണം. കഴിഞ്ഞ വർഷം റമദാനിൽ വിതരണം ചെയ്തത് 500 ടൺ ഈന്തപ്പഴമായിരുന്നു. 200 ടണിന്റെ അതിക ഈന്തപ്പഴമാണ് ഇത്തവണ കയറ്റുമതി ചെയ്യുക. ഇതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും മന്ത്രാലയം അറിയിച്ചു.